ചങ്ങനാശ്ശേരി: പുണ്യനദിയായ പമ്പയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾ കേരള സമൂഹം അത്യന്തം ഗൗരവത്തോടെ പരിഗണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. കേരളത്തിന്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിന്റെ ഹൃദയമായും, ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള–ജലസേചന ആശ്രയമായും നിലകൊള്ളുന്ന പുണ്യനദിയായ പമ്പയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ അഭിപ്രായങ്ങൾ കേരള സമൂഹം അത്യന്തം ഗൗരവത്തോടെ പരിഗണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

പമ്പാനദി ഇന്ന് നേരിടുന്ന ഭയാനകമായ പാരിസ്ഥിതിക നാശം തടയുന്നതിനും സമഗ്രമായ പുനരുദ്ധാരണത്തിനുമായി തുടർച്ചയായി നടത്തിയിട്ടുള്ള പാർലമെന്ററി ഇടപെടലുകൾക്ക് പിന്നാലെയും യാഥാർത്ഥ്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന യാഥാർത്ഥ്യമാണ് ഈ പരാമർശങ്ങൾ വീണ്ടും ചൂണ്ടിക്കാണിക്കുന്നത് എന്നും എം പി പറഞ്ഞു. പമ്പയുടെ സംരക്ഷണം സംബന്ധിച്ച വിഷയം റൂൾ 377 പ്രകാരം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. നമാമി ഗംഗ പദ്ധതിക്ക് സമാനമായി പമ്പാനദിക്കായി പ്രത്യേക കേന്ദ്ര പദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മലിനീകരണം, അനിയന്ത്രിത കൈയേറ്റങ്ങൾ, വനനശീകരണം, ഉപതോടുകളുടെ നാശം, ശാസ്ത്രീയമല്ലാത്ത വികസന ഇടപെടലുകൾ എന്നിവ മൂലം പമ്പ ഗുരുതരമായ പരിസ്ഥിതി പ്രതിസന്ധിയിലാണെന്ന് പാർലമെന്റിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഈ ഇടപെടലിന് മറുപടിയായി, കേന്ദ്ര ജൽശക്തി മന്ത്രി സി.ആർ. പാട്ടീൽ നൽകിയ ഔദ്യോഗിക മറുപടിയിൽ നാഷണൽ റിവർ കൺസർവേഷൻ പ്ലാൻ (NRCP) വഴി പമ്പയുടെ മലിനീകരണ നിയന്ത്രണത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കും കേന്ദ്രസഹായം ലഭ്യമാക്കാമെന്നും, സംസ്ഥാന സർക്കാർ സമഗ്ര പദ്ധതി സമർപ്പിച്ചാൽ പരിഗണിക്കാമെന്നും വ്യക്തമായി അറിയിച്ചിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ, പമ്പയുടെ പുനരുദ്ധാരണത്തിനുള്ള സമഗ്ര പദ്ധതി അടിയന്തിരമായി കേന്ദ്ര സർക്കാരിന് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഔദ്യോഗികമായി കത്ത് നൽകുകയും ചെയ്തു. എന്നിരുന്നാലും, ഇത്രയും വ്യക്തമായ കേന്ദ്രനിലപാടും തുടർച്ചയായ ഇടപെടലുകളും ഉണ്ടായിട്ടും സംസ്ഥാന സർക്കാർ ഇതുവരെ യാതൊരു തുടർനടപടിയും സ്വീകരിച്ചിട്ടില്ലെന്നത് അതീവ ആശങ്കാജനകമാണ് എന്നും എം പി പറഞ്ഞു. ശബരിമല തീർഥാടനത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്ന പമ്പാനദിയുടെ സംരക്ഷണം കേവലം പരിസ്ഥിതി വിഷയമല്ല. അത് കേരളത്തിന്റെ സാംസ്കാരികവും ആത്മീയവുമായ ഉത്തരവാദിത്തമാണ്. പമ്പയുടെ നാശം വെള്ളപ്പൊക്കങ്ങൾ, കുടിവെള്ള മലിനീകരണം, സമുദ്ര ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് കേരളത്തെ നയിക്കുന്നത്. ഇനിയും വൈകിയാൽ തിരുത്താനാവാത്ത നാശമാണ് സംഭവിക്കുക. പുണ്യനദിയായ പമ്പയെ രക്ഷിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാത്ത പക്ഷം, അതിനെതിരെ ശക്തമായ ജനകീയവും രാഷ്ട്രീയവുമായ പ്രതികരണം ഉയർന്നുവരണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

