കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവതിയെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ട


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവതിയെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേര്‍ളിയും ജോബും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ തര്‍ക്കം നിലനിന്നിരുന്നു. ഷേര്‍ലിക്ക് മറ്റൊരാളുമായുണ്ടായ ബന്ധവും തര്‍ക്കത്തിലേക്ക് നയിച്ചു. ഇക്കാരങ്ങളാകാം യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് നിഗമനം.

 

 ഇടുക്കി കല്ലാർഭാഗം സ്വദേശിനിയായ ഷേർളി മാത്യുവിനേയും കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സകറിയയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ഇന്നലെ രാത്രി ഷേർലിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിനെ തുടർന്ന് സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. വീടിന്‍റെ പിൻവശത്തെ വാതിൽ തുറന്ന നിലയിൽ ആയിരുന്നു. മറ്റ് ബലപ്രയാഗത്തിന്‍റെ സൂചനകൾ ഒന്നും പരിശോധനയിൽ കണ്ടെത്താനായില്ല. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്‍റെ മൃതദേഹം സ്റ്റെയർകേസിനോട് ചേർന്നുമാണ് ഉണ്ടായിരുന്നത്. ഷെർളിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്.  ആറുമാസം മുമ്പാണ് ഷേര്‍ളി കൂവപ്പള്ളിയിൽ വീട് വാങ്ങി താമസം തുടങ്ങിയത്. കുറെ നാളുകളായി ഷേര്‍ളിയും ജോബും തമ്മിൽ അടുപ്പത്തിലായിരുന്നു. ജോബ് ഇടയ്ക്കിടെ കൂവപ്പള്ളിയിലെ വീട്ടിൽ എത്തുമായിരുന്നു. നാട്ടുകാരുമായി ഇരുവർക്കും ബന്ധം ഉണ്ടായിരുന്നില്ല.  ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഷേർളി ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയിട്ടുണ്ട്. പണമിടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ അടുത്തിടെ തർക്കത്തിലായി. ഇതിനു പിന്നാലെ ജോബ് ഉപദ്രവിക്കുന്നെന്ന പരാതിയുമായി ഷേര്‍ളി കാഞ്ഞിരപ്പള്ളി പൊലീസിനെ സമീപിച്ചു. ഇതിനിടെ ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. രണ്ടു പേരുടെയും ബന്ധുക്കളിൽ നിന്ന് പൊലീസ് കൂടുതൽ വിവരം തേടി. ഫോറെൻസിക് സംഘം വീട്ടിൽ എത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.