കോട്ടയം: കോട്ടയത്ത് എം സി റോഡില്‍ കുറവിലങ്ങാടുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. എംസി റോഡില്‍ മോനിപ്പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.

അപകടത്തില്‍പ്പെട്ട കാര്‍ യാത്രികര്‍ ഏറ്റുമാനൂര്‍ ഓണംത്തുരുത്ത് സ്വദേശികള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ 11 വയസ്സുള്ള കുട്ടിയാണ്. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവൈരാണിക്കുളം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ഏറ്റുമാനൂർ നീണ്ടൂർ സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം മോനിപ്പിള്ളി സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മോനിപ്പിള്ളി ആച്ചിക്കൽ ലിറ്റിൽ ഫ്‌ലവർ സ്‌കൂളിന് സമീപം ആണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ഭാഗത്ത് നിന്നു വന്ന കാർ കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ ഇടിച്ചു കയറുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് യാത്രക്കാരെ കാറിൽ നിന്നും പുറത്തെടുത്തത്.
