പരാജയം ഉണ്ടായാൽ ഉടനെ മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല, പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ ചേർത്തുപിടിച്ചത് ഇടതുപക്ഷമാണ്, അതിൽ മാറ്റമില്ല: ജോസ് കെ മ


കോട്ടയം: മുന്നണിമാറ്റവുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തിയെത്തും നടക്കുന്നുവെന്നുമുള്ളത് മാധ്യമ സൃഷ്ടിയാണെന്നും കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങൾ തുടർച്ചയായി നിലപാട് മാറ്റിയോ എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ് എന്നും ജോസ് കെ മാണി എം.പി പറഞ്ഞു. ഇപ്പോഴും ഒരേ ചോദ്യം തന്നെ ഇങ്ങനെ ആവർത്തിക്കേണ്ട ആവശ്യമില്ല, പരാജയം ഉണ്ടായാൽ ഉടനെ മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല, പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ ചേർത്തുപിടിച്ചത് ഇടതുപക്ഷമാണെന്നും അതിൽ മാറ്റമില്ല എന്നും ജോസ് കെ മാണി പറഞ്ഞു. 

 

 മുന്നണി മാറ്റത്തെക്കുറിച്ചോ നിലപാട് മാറ്റത്തെക്കുറിച്ചോ യാതൊരു ചർച്ചകളും പാർട്ടിയിൽ നടന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ചർച്ചകളും അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അത് മുന്നണി മാറാനുള്ള തീരുമാനമല്ല. യുഡിഎഫിലേക്ക് പോകണോ എന്ന് ചോദിച്ചാൽ അഞ്ച് എംഎൽഎമാരും കൂടെയുണ്ടാകുമെങ്കിലും തങ്ങളുടെ നിലപാട് ഇടതുപക്ഷത്തിനൊപ്പമാണ് എന്നും ജോസ് കെ മാണി പറഞ്ഞു. 2020ൽ യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പാർട്ടിയെ പുറത്താക്കിയപ്പോൾ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും ചേർന്ന് പാർട്ടിയെ ചേർത്തുപിടിക്കാൻ തീരുമാനിച്ചിരുന്നു. ആ സമയത്ത് എംഎൽഎയും എംപിയുമായ റോഷി അഗസ്റ്റിൻ, ജയരാജ്, തോമസ് ചാഴിക്കാടൻ എന്നിവർ ആ തീരുമാനത്തിനൊപ്പം ഉറച്ചുനിന്നവരാണ്. റോഷി അഗസ്റ്റിൻ ഒരു വശത്തും താൻ മറ്റൊരു വശത്തും നിൽക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ്. അഞ്ച് എംഎൽഎമാരും ഒരുമിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. കെഎം മാണിയുടെ മരണശേഷം കഴിഞ്ഞ ആറു വർഷമായി പാർട്ടി ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ടുപോകുന്നത്. മാധ്യമങ്ങൾ ചില നറേറ്റീവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സ്ഥിരമായി ഒരേ ചോദ്യം ആവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.