തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിലേക്ക് പോകാന്‍ കേരള കോണ്‍ഗ്രസ് നീക്കം നടത്തിയെന്ന ആരോപണം തള്ളി ജോസ് കെ മാണി, കേരള കോണ്‍ഗ്രസ് ഒരു ബൂര്‍ഷ്വാ പാര്


പാലാ: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിലേക്ക് പോകാന്‍ കേരള കോണ്‍ഗ്രസ് നീക്കം നടത്തിയെന്ന ആരോപണം തള്ളി ജോസ് കെ മാണി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിലേക്ക് പോകാന്‍ കേരള കോണ്‍ഗ്രസ് നീക്കം നടത്തിയെന്നും റോഷി അഗസ്റ്റിന്‍ വേറിട്ട നിലപാടെടുത്തു എന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന വിവാദ ശബ്ദരേഖയ്ക്ക് മറുപടിയായാണ് ജോസ് കെ. മാണി പറഞ്ഞത്.

 

 ശബ്ദരേഖയ്ക്ക് പിന്നിൽ വർഗീസാണെന്ന് താൻ കരുതുന്നില്ല. കേരള കോൺഗ്രസ് ബൂർഷ്വാ പാർട്ടിയാണെന്നടക്കുള്ള രീതിയിലാണ് ശബ്ദരേഖ പുറത്ത് വന്നത്. പണ്ട് കാലത്തെ സഖാക്കളേ പോലെ വായനാശീലമുള്ള ആളല്ല ഈ പ്രതികരണം നടത്തിയതെന്ന് മനസ്സിലായെന്നും ജോസ് കെ മാണി പറഞ്ഞു. യു ഡി എഫിൽ നിന്ന് 2020-ൽ കേരള കോൺഗ്രസിനെ പുറത്താക്കിയപ്പോൾ ചേർത്തുപിടിക്കാൻ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനമാനിച്ചപ്പോൾ ആ തീരുമാനത്തോടൊപ്പം ഉറച്ച നിൽക്കണമെന്ന് പറഞ്ഞത് റോഷിയും ജയരാജും അടക്കമുള്ളവരാണ്. ഒരു പക്ഷെ അതിനെ കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞതെന്നും ജോസ് കെ മാണി വ്യക്തമാക്കി. 'മുന്നണി മാറുന്നതുമായ ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം അഭിപ്രായങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. യു ഡി എഫിനൊപ്പം ഇപ്പോൾ പോകുന്നുവെങ്കിൽ അഞ്ച് എംഎൽഎമാരും ഒപ്പമുണ്ടാകും. എന്നാൽ അതല്ല ഇപ്പോഴത്തെ ഞങ്ങളുടെ നിലപാട്. ഇടതുപക്ഷമാണ് ഞങ്ങളെ ചേർത്തുപിടിച്ചത്. അവർക്കൊപ്പമാണ് ഇപ്പോഴും. അതുകൊണ്ട് ഉത്തരവാദിത്തമുള്ള ഒരു നേതാവ് ഇത്തരത്തിൽ സംസാരിക്കുമെന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം തടയാനായത് രാഷ്ട്രീയ വിജയമാണെന്ന് പാർട്ടി കമ്മിറ്റിയിൽ പ്രസംഗിച്ചതിന്റെ ശബ്ദരേഖയിൽ പറയുന്നുണ്ട്. റോഷി അഗസ്റ്റിനാണ് ഈ നീക്കത്തിന് തടയിട്ടതെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും ഒരു പരാജയം ഉണ്ടായാൽ ഉടനെ മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയസാധ്യതയുണ്ടെന്ന് താൻ പൂർണമായും വിശ്വസിക്കുന്നുവെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.