പാലാ: എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വ്യക്തിഹത്യയും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുക എന്ന ലക്ഷ്യത്തോടെയുള്ളതുമാണ് എന്ന് ജോസ് കെ മാണി എം.പി.

ജോസ് കെ മാണിയുടെ വാക്കുകൾ:
2024 ജൂലൈയിലാണ് എൻ്റെ രാജ്യസഭാ അംഗത്വ കാലാവധി ആരംഭിച്ചത്. 2026 മാർച്ച് 31 വരെ എനിക്ക് ലഭ്യമായ എം.പി ഫണ്ട് ആകെ 7 കോടി 35 ലക്ഷം രൂപയാണ്. ഇതിൽ ഇതിനകം തന്നെ 7 കോടി 22 ലക്ഷം രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലായി 126 പ്രവൃത്തികൾക്കായാണ് ഈ തുക വിനിയോഗിച്ചത്. ഇതിൽ 74 പ്രവൃത്തികൾക്കായി ഏകദേശം 3.16 കോടി രൂപയ്ക്ക് ഭരണാനുമതി ഇതിനകം ലഭിച്ചു. എം.പി ഫണ്ടിന്റെ പ്രവർത്തന രീതി പൊതുജനങ്ങൾ മനസ്സിലാക്കേണ്ടതാണ്. ഒരു പ്രവൃത്തിക്ക് എം.പി തുക അനുവദിച്ചാൽ അത് ഉടൻ ചെലവായി കാണിക്കുന്ന സംവിധാനം നിലവിലില്ല. പ്രവൃത്തി ആദ്യം ജില്ലാ കളക്ടറുടെ പരിഗണനയിലേക്കാണ് പോകുന്നത്. തുടർന്ന് നിർവഹണ ഉദ്യോഗസ്ഥനെ കളക്ടർ ചുമതലപ്പെടുത്തും. അതിന് ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കൽ, ഭരണാനുമതി, സാങ്കേതിക അനുമതി തുടങ്ങിയ നിരവധി ഘട്ടങ്ങൾ കടന്ന ശേഷമാണ് നിർമ്മാണം ആരംഭിക്കുക. പ്രവർത്തി പൂർത്തിയായി ബിൽ മാറിക്കഴിയുമ്പോഴാണ് യഥാർത്ഥത്തിൽ ചെലവായ തുക കണക്കിൽ പ്രതിഫലിക്കുന്നത്. ഈ ബിൽ മാറിയ തുകയുടെ ശതമാനമാണ്. ഇതാണ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. ഇതിനിടയിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടവും, എസ്.ഐ.ആർ സംബന്ധിച്ച ഡ്യൂട്ടികളും കാരണം താഴെത്തട്ടുമുതൽ ഉദ്യോഗസ്ഥ തലങ്ങളിൽ കാലതാമസം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, മാർച്ച് മാസം വരെ ലഭ്യമായ തുകയിൽ 95 ശതമാനത്തിലധികം ഇതിനകം അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ കത്ത് ജില്ലാ കളക്ടർക്ക് നൽകുകയും ബന്ധപ്പെട്ട ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എൻ്റെ ഫണ്ട് വിനിയോഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ:
ആശുപത്രി കെട്ടിടങ്ങൾ
സ്കൂൾ വാഹനങ്ങൾ
റോഡ് വികസനം
കുടിവെള്ള പദ്ധതികൾ
ഹൈമാസ്റ്റ് ലൈറ്റുകൾ
സ്കൂൾ–കോളേജ് കമ്പ്യൂട്ടറുകൾ...
ഇതുപോലുള്ള നിരവധി ജനോപകാരപ്രദമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇവയെല്ലാം മറച്ചുവെച്ച് പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്ന ലക്ഷ്യം മാത്രമാണ് പുലർത്തുന്നത്.
