കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് മുഴുവൻ കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചുറോഡിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ഒന്നാം മൈൽ നെല്ലിമല പുതുപ്പറമ്പിൽ ഷാഹുലിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. വലിയ ശബ്ദത്തോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. വീട് പൂർണ്ണമായും കത്തി നശിച്ചു. തീ പടർന്നു പിടിച്ചതോടെ അടുക്കളയിലെയും മറ്റു മുറികളിലെയും വീട്ടുപകരണങ്ങളും ഫർണീച്ചറുകളും കത്തി നശിച്ചു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആളപായങ്ങൾ ഒന്നുമില്ല. അപകട സമയം ഷാഹുലും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

