വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ: പ്രത്യേക ക്യാമ്പയിനുമായി ഹോർട്ടിക്കൾച്ചർ മിഷൻ.


കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ. സംസ്ഥാന കൃഷിവകുപ്പിന്റെ 'പോഷക സമൃദ്ധി മിഷന്റെ' ഭാഗമായി ഹോർട്ടിക്കൾച്ചർ മിഷൻ നടപ്പാക്കി വരുന്ന 'രാഷ്ട്രീയ കൃഷി വികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി'യിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലുമായി 4500 പഴവർഗ്ഗ പോഷകത്തോട്ട യൂണിറ്റുകൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

 ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകൾ വീതമാണ് നടപ്പിലാക്കുക. ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. ഗ്രീൻ കേഡറ്റ് കോർപ്‌സ് തുടങ്ങിയ വിദ്യാർഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സമ്പൂർണ വിദ്യാർഥി പങ്കാളിത്തത്തിലുമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞത് 10 സെന്റ് കൃഷിഭൂമി ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. ഒരു സ്ഥാപനത്തിനു അഞ്ച് യൂണിറ്റുകൾ വരെ (50 സെന്റ്) അനുവദിക്കും. മാവ്, പ്ലാവ്, പപ്പായ, പേരയ്ക്ക, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവർഗ്ഗ ഇനങ്ങൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും. ഇതിനാവശ്യമായി വരുന്ന പഴവർഗ്ഗ തൈകൾ സൗജന്യമായി വിതരണം ചെയ്യും. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുയോജ്യമായ മറ്റു പദ്ധതികളെക്കൂടി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുന്നത്. ഫെബ്രുവരി ആദ്യം ക്യാമ്പയിൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.