കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിജയസാധ്യതകൾ മുന്നിൽക്കണ്ട് യു ഡി എഫിൽ സീറ്റ ചർച്ചകൾ സജീവമായി ആരംഭിച്ചു. കേരള കോൺഗ്രസിൽ (ജോസഫ് വിഭാഗം) നിന്ന് നാല് സീറ്റുകൾ തിരിച്ചെടുക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

ഏറ്റുമാനൂർ,ചങ്ങനാശേരി,ഇടുക്കി, കുട്ടനാട് സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് നിന്ന് കോൺഗ്രസ്സ് തിരിച്ചെടുത്തേക്കുമെന്നാണ് വിവരം. ഈ സീറ്റുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടിരുന്നു. അതോടൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് പരമാവധി 5 സീറ്റുകൾ നൽകിയാൽ മതിയെന്ന ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം. ഏറ്റുമാനൂരും,ഇടുക്കിയിലും കുട്ടനാട്ടിലും ഇടതു മുന്നണിയെ നേരിടാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്സ്. എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. കോൺഗ്രസ്സിന്റെ ഈ തീരുമാനത്തിൽ ജോസഫ് ഗ്രൂപ്പിൽ അതൃപ്തി പുകയുന്നുണ്ട്. കേരള കോൺഗ്രസിന് പഴയ ശക്തിയില്ലെന്നും വിജയസാധ്യത പരിഗണിച്ച് കോൺഗ്രസ് തന്നെ ഈ സീറ്റുകളിൽ മത്സരിക്കണമെന്നും ഹൈക്കമാൻഡ് തലത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. 2021-ൽ പത്ത് സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസിന് തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് വിജയിക്കാനായത്.
