കാഞ്ഞിരപ്പള്ളി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നണികളുടെ ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ സീറ്റിനായി കോണ്‍ഗ്രസില്‍ ചരടുവലികള്‍ ആരംഭിച്ചു. നാല് പേരുടെ പേരുകളാണ് പ്രധാനമായും നേതാക്കൾ മുന്നോട്ടു വെച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് ഒരു വിഭാഗം പ്രവർത്തകർ.

മറിയ ഉമ്മനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു കോട്ടയം ഡിസിസി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സീറ്റ് യു ഡി എഫിന് പിടിച്ചെടുക്കാൻ മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് സംസ്ഥാനത്തെ ചില പ്രമുഖ കോൺഗ്രസ്സ് നേതാക്കളുടെയും അഭിപ്രായം. എന്നാൽ ഒരു കുടുംബത്തിൽ നിന്ന് രണ്ടുപേർ മത്സരിക്കുന്നത് ഗുണകരമാകില്ലെന്ന വാദവുമായി ഒരു വിഭാഗവും രംഗത്തുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസിനെ മത്‌സരിപ്പിക്കാനാണ് മറ്റൊരു വിഭാഗത്തിൻ്റെ അണിയറനീക്കം. നിലവിൽ യുഡിഎഫിന്റെ ജില്ലാ കൺവീനർ കൂടിയാണ് ഫിൽസൺ മാത്യൂസ്. ഇതിനൊപ്പം ജിജി അഞ്ചാനിയെ മത്സരിപ്പിക്കണം എന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം. ആന്‍ സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്ന് കെഎസ്‌യു സംസ്ഥാന നേതൃത്വവും ആവശ്യപ്പെടുന്നുണ്ട്. മറിയ ഉമ്മൻ സഭാ മേലധ്യക്ഷന്മാരെയും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും സന്ദർശിച്ചതും ചർച്ചയാകുകയാണ്.

