ചാവറ കെയർ ഭവന പദ്ധതി: ആശുപത്രിയിലെ ജീവനക്കാർക്കായി നിർമിച്ചു നൽകിയ അഞ്ചാമത്തെ വീടും കൈമാറി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ.


കാഞ്ഞിരപ്പള്ളി: സി എം ഐ സ്ഥാപക പിതാവായ ചാവറ അച്ചന്റെ നാമത്തിൽ മേരീ ക്വീൻസ് ആശുപത്രി നടപ്പാക്കുന്ന ചാവറ കെയർ എന്ന പദ്ധതി വഴി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിലെ ജീവനക്കാരിക്ക് സൗജന്യമായി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റവും ആശിർവാദവും നടന്നു. സി.എം.ഐ സഭ കോട്ടയം സെന്റ്. ജോസഫ് പ്രവിശ്യാ വികർ പ്രൊവിൻഷ്യലും സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ താക്കോൽ കൈമാറ്റവും വീടിന്റെ ആശീർവാദം മേരീക്വീൻസ് ആശുപത്രിയുടെ ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐയും ചേർന്ന് നിർവ്വഹിച്ചു. ആശുപത്രിയിലെ ജീവനക്കാർക്കായി നിർമിച്ചു നൽകിയ അഞ്ചാമത്തെ വീട് ആണ് ഇത്. 2024 ലെ ചാവറയച്ചന്റെ തിരുനാൾ ദിനമായ ജനുവരി 3 ന് പ്രഖ്യാപിച്ച ചാവറ കെയർ പ്ലസ് പദ്ധതിയുടെ ഭാഗമായി മേരീക്വീൻസിലെ ജീവനക്കാരിൽ അർഹരായ ഒരാൾക്കാണ് ചാവറ ഭവന പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകിയത്. മുൻ വർഷങ്ങളിൽ കോട്ടയം ജില്ലയിലെ പാറത്തോട്, എരുമേലി, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളിലും, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലും വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. ഓഗസ്റ്റ് 15 നു തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ച വീട് ഡിസംബർ 31 നു പണി പൂർത്തീകരിച്ചു കൈമാറാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഏറെയുണ്ടെന്നും മേരീക്വീൻസ് കുടുംബത്തിലെ അംഗങ്ങളുടെ പിന്തുണ വളരെയേറെ സഹായകമായതായും ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ പറഞ്ഞു. പാറത്തോട്  നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ, പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പങ്കെടുത്തു.