കറുകച്ചാൽ: കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക്അ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം-കോഴഞ്ചേരി റോഡിൽ ചമ്പക്കര ആശ്രമം പടിയിൽ ഇന്ന് വൈകിട്ട് 3.45നാണു അപകടം ഉണ്ടായത്.

കറുകച്ചാൽ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് 15 അടി താഴ്ചയുള്ള തോട്ടിലേക്കു വീണത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചതാരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. കാറിനടിയിൽപ്പെട്ട ഒരാളെ അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കാർ ഉയർത്തിയാണ് പുറത്തെടുത്തത്. 5 യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത്. കയറിട്ട് കാർ പൊക്കിയ ശേഷമാണ് ഒരാളെ പുറത്തെടുത്തത്. മുൻപും സമാനമായ രീതിയിൽ ഇവിടെ അപകടം സംഭവിച്ചിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. 2 വർഷത്തിനിടെ ഇത് ഏഴാമത്തെ അപകടമാണ് എന്നും അടിയന്തിരമായി ഇവിടെ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ പറഞ്ഞു. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണ്ണമായും തകർന്നു.

