വൈക്കം: വൈക്കത്ത് ആക്രിക്കടയിൽ തീപിടിത്തം. വൈക്കം കൊച്ചുകവലയിൽ നവാസിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.

വൈകിട്ട് 3 മണിയോടെയാണ് ആക്രി സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിൽ തീ പിടിത്തം ഉണ്ടായത്. തീ പടർന്ന സമയത്ത് 3 ജീവനക്കാർ സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്നു. തീ പടരുന്നത് കണ്ടു ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കട പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ കാറ്റിൽ പറന്നുവീണതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈക്കത്തു നിന്നും 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചു കൊണ്ടിരിക്കുന്നത്. തീ നിലവിൽ നിയന്ത്രണവിധേയമായിട്ടുണ്ട്. മേഖലയിൽ വലിയ പുകപടലമാണ്. സമീപത്തേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.

