എൽഡിഎഫ് സർക്കാരിന്റെ അവസാന ബഡ്ജറ്റ് പാലായെ പാടെ അവഗണിച്ച ബഡ്ജറ്റ്: മാണി സി കാപ്പൻ.


പാലാ: എൽഡിഎഫ് സർക്കാരിന്റെ അവസാന ബഡ്ജറ്റ് പാലായെ പാടെ അവഗണിക്കുകയും പാലാക്കാരെ അവഹേളിക്കുകയും ചെയ്യുന്ന ഒന്നായി മാറി എന്ന് മാണി സി കാപ്പൻ എം എൽ എ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സമർപ്പിച്ച 20 വികസന പ്രൊപ്പോസലുകളിൽ വെറും ഒന്നിന് മാത്രം അഞ്ചുകോടി അനുവദിച്ച് ബാക്കിയൊക്കെ തള്ളിയത് ഭരണത്തിൽ സ്വാധീനമുള്ളവർ വികസനത്തിന് തുരങ്കം വെക്കുന്നതിന്റെ തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലത്തിന്റെ വികസനത്തിൽ എം.എൽ.എയെ ഒഴിവാക്കുന്നത് ജനാധിപത്യ മര്യാദയ്ക്ക് വിരുദ്ധമാണ്.

 

 ജനറൽ ആശുപത്രിക്ക് ഓങ്കോളജി ബ്ലോക്കിന് 20 കോടി അനുവദിച്ചത് സ്വാഗതാർഹമാണെങ്കിലും, സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന ആശുപത്രി കോമ്പൗണ്ടിന് പുറത്തായി ജനസഞ്ചാരം കുറഞ്ഞ സുരക്ഷിത ഇടത്ത് റേഡിയേഷൻ സൗകര്യമുള്ള കെട്ടിടം വേണം. നിത്യേന ആയിരങ്ങൾ എത്തുന്ന ആശുപത്രിയിൽ റേഡിയേഷൻ സൗകര്യമില്ല എന്നത് ഗൗരവകരമാണ്. കെ.എം. മാണി പദ്ധതിയിട്ട അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് വീണ്ടും അവഗണിക്കപ്പെട്ടു. ബൈപാസ് റോഡ് ഇന്നും പൂർത്തിയാക്കാത്തത് പ്രതിഷേധാർഹമാണ്. അപ്രോച്ച് റോഡില്ലാതെ പണിത കളരിയാമാക്കൽ പാലം ഇനിയും ശാപമോക്ഷം കാണാത്തത് നിരാശാജനകമാണ്. ജനറൽ ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 1.5 കോടി ചെലവഴിക്കാതിരുന്നതിന് പിന്നാലെ വീണ്ടും 5 കോടി അനുവദിച്ചത് പ്രഹസനമാണ് എന്നും മാണി സി കാപ്പൻ പറഞ്ഞു. മീനിച്ചിൽ റിവർ വാലി പ്രോജക്ട് 250 കോടി ചെലവഴിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും മീനച്ചിലാറ്റിലൂടെ ഒഴുകിയില്ല. അന്തീനാട്–മേലുകാവ് റോഡ് (BMBC നിലവാരം) ഓവർലേ ചെയ്യാത്തത് റോഡിന്റെ തകർച്ചയ്ക്ക് വഴിവെക്കും. ഗ്രാമങ്ങളുടെ വികസനത്തിലൂടെയാണ് യഥാർത്ഥ പുരോഗതി. അതുകൊണ്ടാണ് ടൂറിസം, വ്യവസായം, പൊതുമരാമത്ത്, കാർഷികം, സ്വയംതൊഴിൽ മേഖലകളിലായി 20 പ്രൊപ്പോസലുകൾ സമർപ്പിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇവ തീർച്ചയായും നടപ്പിലാക്കും. ഫുഡ് പാർക്ക്, കാർഷിക ശീതീകരണ പ്ലാന്റ്, ടൂറിസം വികസനം, കാർഷിക ശാക്തീകരണം ഇവയാണ് നമ്മുടെ സ്വപ്നങ്ങൾ. മരിയൻ ജംഗ്ഷൻ ഹൈവേ വികസനവും ബൈപാസ് റോഡും അടിയന്തിരമായി പൂർത്തിയാക്കണം. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമായി പാലാക്കാർ ഈ ബഡ്ജറ്റിനെ വിലയിരുത്തും. റബ്ബറിന് 250 അടിസ്ഥാനവില വാഗ്ദാനം വർഷങ്ങളായി നടപ്പായിട്ടില്ല. തൊഴിലവസരങ്ങളും കാർഷിക പുനരുദ്ധാരണവും ഇല്ലാത്ത ബഡ്ജറ്റ് ജനം തള്ളും. വികസനം പട്ടണത്തിൽ മാത്രം ഒതുങ്ങരുത്. മലയോരവും ഗ്രാമങ്ങളും ചേർന്ന സമതുലിത വികസനമാണ് പാലായുടെ വഴി. അതിനാണ് കഴിഞ്ഞ ഏഴ് വർഷമായി പരിശ്രമം നടത്തുന്നതെന്നും അതിന് തുരങ്കം വെക്കുന്നത് നാടിന്റെ ശാപമാണ് എന്നും മാണി സി കാപ്പൻ പറഞ്ഞു.