ബാങ്ക് വായ്പയുടെ പലിശ പോലും അടയ്ക്കാൻ കഴിയുന്നില്ല, 2014ന് ശേഷം ഓരോ തവണയും ഉണ്ടാകുന്നത് ഭീമമായ നഷ്ടം, പക്ഷിപ്പനിയെ തുടർന്ന് മൃഗസംരക്ഷണവകുപ്പ് കൊന്നൊടു


കോട്ടയം: കോട്ടയം ജില്ലയിൽ തുടരെ തുടരെ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതോടെ നെഞ്ചുനീറുകയാണ് കർഷകർക്ക്, ഒപ്പം പനി ബാധിച്ചതും മുൻകരുതലുകളുടെ ഭാഗമായും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കോഴികളെയും-താറാവുകളെയും കൊന്നൊടുക്കുമ്പോൾ എരിഞ്ഞടങ്ങുന്നത് ഈ കർഷകരുടെ പ്രതീക്ഷയുമാണ്.

 

 നഷ്ടപരിഹാര തുക ലഭിക്കാൻ വൈകുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. ബാങ്ക് ലോൺ എടുത്തവരും കടം വാങ്ങിയവരും എല്ലാം ബുദ്ധിമുട്ടുകയാണ്. ബാങ്ക് വായ്പയുടെ പലിശ പോലും അടയ്ക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നൽകേണ്ടത്. 2.28 കോടി രൂപ നിലവിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്. ഇത് ലഭിച്ചാൽ മാത്രമാകും ഇനി നഷ്ടപരിഹാര തുക നൽകാൻ സാധിക്കുക. 2014ന് ശേഷം ഓരോ തവണയും ഉണ്ടാകുന്നത് ഭീമമായ നഷ്ടം ആണെന്ന് കർഷകർ പറയുന്നു. വലിയ താറാവിന് ചെലവുമാത്രം 300 രൂപയാകുമ്പോൾ 200 രൂപ തന്നാൽ എന്തുചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്. 2014 ലാണ് അവസാനമായി നഷ്ടപരിഹാര തുക നിശ്ചയിച്ചത്. 12 വർഷങ്ങൾക്കിപ്പുറവും അതെ തുക തന്നെയാണ് സർക്കാർ നൽകുന്നത്. എന്നാൽ ഇത് നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്. കാരണം അന്നുണ്ടായിരുന്ന താറാവ് കുഞ്ഞിന്റെ വിലയും പരിപാലന ചെലവും തൊഴിലാളികളുടെ കൂലിയും മരുന്നുകളുടെ വിലയും തീറ്റയുടെ വിലയും ഉയർന്നിട്ടുണ്ട്. താറാവിന് 200 രൂപ നഷ്ടപരിഹാര തുക എന്നതിൽ നിന്നും 350 രൂപയായി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം.