കോട്ടയം: കേരളത്തിന് പുതുതായി അനുവദിച്ച 2 അമൃത് ഭാരത് എക്സ്പ്രസുകളും കോട്ടയം വഴി സർവീസ് നടത്തും എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. പുതുതായി അനുവദിച്ച നഗർകോവിൽ–മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്–ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും.

ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തെ റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും മുന്നിൽ ഉന്നയിച്ചിരുന്നു. അതിന് അനുകൂലമായ തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച്, മാവേലിക്കര പാർലിമെന്റ് മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഇരു അമൃത് ഭാരത് എക്സ്പ്രസ് സർവീസുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാർക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകൾ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട റെയിൽ ബന്ധം ഉറപ്പാക്കാൻ സാധിക്കും. നോൺ-എ സി വിഭാഗത്തിലുള്ള സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
