കോട്ടയം: ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി കോട്ടയത്തെ കുളിരണിയിച്ചു വേനൽ മഴ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു പെയ്ത മഴ രണ്ട് മണിക്കൂറുകളോളം നീണ്ടു നിന്നു. രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട കോട്ടയത്ത് വേനൽ മഴയിൽ ഇത് ആദ്യത്തെ മഴയാണ്.

മഴ പെയ്തതോടെ കർഷകർ ആശ്വാസത്തിലാണ്. അതേസമയം ഇന്നലെ പെയ്ത മഴയിൽ കോട്ടയത്തും ചങ്ങനാശ്ശേരിയിലും വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചങ്ങനാശ്ശേരി നഗരത്തിലെ പി.പി. ജോസ് റോഡ്, എൻ.എച്ച്. 163-ൽ എസ്.ബി. കോളേജിന് മുൻവശം, പെരുന്ന രാജേശ്വരി കോംപ്ലക്‌സ് ജങ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. കനത്ത മഴയിൽ നാട്ടകത്ത് വ്യാപാര സ്ഥാപനത്തിൽ വെള്ളം കയറി. ഓടകൾ നറഞ്ഞു കിടക്കുന്നതോടെയാണ് വെള്ളക്കെട്ട് ഉണ്ടായത്. വെള്ളം കയറിയതോടെ ഓടയിലെ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്.
