കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയ ഷേർലി മാത്യു (45), ജോബ് സക്കറിയ (38) എന്നിവർക്ക് അയൽവാസികളുമായോ പുറം ലോകവുമായോ യാതൊരു ബന്ധവും ഇല്ലായിരുന്നു. തൊട്ടടുത്ത് താമസിക്കുന്നവർക്ക് പോലും ഇരുവരെയും കുറിച്ച് കൃത്യമായ കാര്യങ്ങൾ ഒന്നും തന്നെ അറിയില്ല.

അടുത്ത് താമസിക്കുന്ന പലരോടും പല രീതിയിൽ ആണ് ഷേർളി വിവരങ്ങൾ പറഞ്ഞിരുന്നത്. ഭർത്താവ് മരിച്ചു പോയെന്നും വിദേശത്താണെന്നും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 8 മാസമായി ഇരുവരും ഈ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ജോബ് സഹോദരൻ ആണെന്നായിരുന്നു നാട്ടുകാരോട് ഷേർളി പറഞ്ഞത്. ജോബുമായി വഴക്കുണ്ടാക്കിയെന്നും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഷേർലി മറ്റൊരു സുഹൃത്തിനെ ഞായറാഴ്ച വൈകിട്ട് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇദ്ദേഹം രാത്രി തിരികെ വിളിച്ചെങ്കിലും ഷേർലി ഫോൺ എടുത്തില്ല. ഇതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഷേർളിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും ജോബിന്‍റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു. ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷേർളിയുടെ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറുത്ത് നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ സ്റ്റെയർകേസിൽ തൂങ്ങിയ നിലയിലായിരുന്നു.
