കോട്ടയം ജില്ലയിൽ 6 നഗരസഭകളിലും ഇനി യു ഡി എഫ് ഭരണം, ആറിടങ്ങളിലും അധ്യക്ഷ സ്ഥാനം പങ്കുവെക്കാനും ടേമുകളാക്കി ഭരിക്കാനുമാണ് തീരുമാനം.


കോട്ടയം: കോട്ടയം ജില്ലയിൽ 6 നഗരസഭകളിലും ഇനി യു ഡി എഫ് ഭരണം. ആറിടങ്ങളിലും അധ്യക്ഷ സ്ഥാനം പങ്കുവെക്കാനും ടേമുകളാക്കി ഭരിക്കാനുമാണ് തീരുമാനം. ചങ്ങനാശ്ശേരിയില്‍ മൂന്ന് ടേം അധ്യക്ഷ സ്ഥാനമാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. ആദ്യ ടേമില്‍ കോണ്‍ഗ്രസിന്റെ ജോമി ജോസഫായിരിക്കും അധ്യക്ഷ സ്ഥാനത്തിരിക്കുക. വൈക്കം മുന്‍സിപ്പാലിറ്റിയിലും അധ്യക്ഷ സ്ഥാനം മൂന്ന് ടേം ആയിരിക്കും. ആദ്യത്തെ ടേമില്‍ അബ്ദുല്‍സലാം റാവുത്തര്‍ അധ്യക്ഷനാകും. ഏറ്റുമാനൂരിലും മൂന്ന് ടേമായി തന്നെയാണ് അധ്യക്ഷ സ്ഥാനം പങ്കിടുക. ആദ്യ അവസരം കേരള കോണ്‍ഗ്രസിന്റെ ടോമി പുളിമാന്‍തുണ്ടത്തിനെന്നാണ് പുറത്തുവരുന്ന വിവരം. പാലാ മുന്‍സിപ്പാലിറ്റിയില്‍ ദിയ പുളിക്കക്കണ്ടം രണ്ടുവര്‍ഷം ചെയര്‍ പേഴ്‌സണാകും. 21കാരിയായ ദിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണാകും. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും വിമത സ്ഥാനാര്‍ത്ഥി മായയ്ക്കും ഓരോ വര്‍ഷം വീതം അവസരമുണ്ടാകും. കോട്ടയത്ത് കോണ്‍ഗ്രസിന്റെ സന്തോഷ് കുമാര്‍ ആദ്യ ടേമിലെ അധ്യക്ഷനാകും. കോട്ടയത്ത് രണ്ട് ടേമാണ് ഇത്തവണ ഉണ്ടാവുക. കോട്ടയം നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്തെത്തും. മായയുടെയും പുളിക്കക്കണ്ടം കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന് കേവലഭൂരിപക്ഷമായി. 21കാരി ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണാവും. കോണ്‍ഗ്രസ് റിബല്‍ മായാ രാഹുല്‍ വൈസ് ചെയര്‍പേഴ്‌സണാവും. പാലാ നഗരസഭ ആര് ഭരിക്കുമെന്നതില്‍ ബിനു പുളിക്കക്കണ്ടത്തിന്റെയും കുടുംബത്തിന്റെയും തീരുമാനം നിര്‍ണ്ണായകമായിരുന്നു. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് ഇവിടെ വിജയിച്ചത്. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. ഇതില്‍ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്നും ഒരാള്‍ യുഡിഎഫ് വിമതയായി ജയിച്ച മായാ രാഹുലുമാണ്. ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമായിരുന്നു ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു. മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തി ബിനുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ യുഡിഎഫിനൊപ്പമാണെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് പുളിക്കക്കണ്ടം കുടുംബം.