പാലാ: അനശ്ചിതത്വങ്ങൾക്കൊടുവിൽ പാലാ നഗരസഭാ ഇനി 21കാരിയായ ദിയ ബിനു പുളിക്കകണ്ടം നയിക്കും. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ എന്നുള്ള പദവിയാണ് 21 കാരിയായ ദിയ ഇനി അലങ്കരിക്കുന്നത്. യുഡിഎഫിന്റെ നിരുപാധിക പിന്തുണയോടെയാണ് ദിയാ ബിനു പുതിയ ചെയർപേഴ്സൺ ആവുന്നത്. ദിയ പുളിക്കക്കണ്ടം രണ്ടുവര്‍ഷം ചെയര്‍ പേഴ്‌സണാകും. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും വിമത സ്ഥാനാര്‍ത്ഥി മായയ്ക്കും ഓരോ വര്‍ഷം വീതം അവസരമുണ്ടാകും. ലക്ഷ്യം പാലായുടെ വികസനം ആണെന്നും പ്രായം വെറും നമ്പർ മാത്രമല്ലേ എന്നും ദിയ പറഞ്ഞു. നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യു ഡി എഫിന് പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു ദിയ. മൂന്ന് കൗൺസിലർമാറുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കളും ചർച്ച നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല. ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നും സ്വതന്ത്രരായി വിജയിച്ച കൗൺസിലർമാർ. എൽഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷമില്ലാതിരുന്ന പാലാ നഗരസഭയിൽ മൂന്ന് കൗൺസിലർമാരുള്ള പുളിക്കകണ്ടം കുടുംബത്തിന്റെ നിലപാട് നിർണായകമായിരുന്നു. ആകെ 26 സീറ്റുകളിൽ എൽഡിഎഫ് 12 സീറ്റും യുഡിഎഫ് 10 സീറ്റും നേടിയിരുന്നു. നാല് സ്വതന്ത്രരിൽ മൂന്നുപേരും പുളിക്കകണ്ടം കുടുംബത്തിൽ നിന്നുള്ളവരാണ് – ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവർ. 19-ാം വാർഡിൽ നിന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച രാഹുലാണ് നാലാമത്തെ സ്വതന്ത്രൻ.
ലക്ഷ്യം പാലായുടെ വികസനം, പ്രായം വെറും നമ്പർ മാത്രം, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി ദിയ ബിനു പുളിക്കകണ്ടം.
