പാലാ: തിരുവനന്തപുരം തോന്നയ്ക്കൽ വി എച്ച് എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് പാലായിൽ അപകടത്തിൽപെട്ടു.
വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. പാലാ-തൊടുപുഴ റോഡിലെ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് ബസ് മറിഞ്ഞത്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിനോദയാത്ര സംഘത്തിലെ മൂന്ന് ബസുകളിൽ ഒന്നിനാണ് അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന നാൽപത്തഞ്ചോളം വിദ്യാർത്ഥികളിൽ ഏകദേശം 36 പേർക്ക് പരിക്കുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. 18 വിദ്യാർത്ഥികൾ കൂടുതൽ നിരീക്ഷണത്തിനും വിദഗ്ധ ചികിത്സയ്ക്കുമായി മാർ സ്ലീവായിൽ തുടരുന്നുണ്ട്. പരിക്കേറ്റ് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചവർ: ജിജിൻ, ആദിത്യ, അഭിമന്യു, ടിന്‍റോ, നൗഫൽ, കീർത്തന, ദീപേഷ്, കൈലാസ്, അശ്വതി, അമൃത, അനഘ, ആശിഷ്, അനന്തു, നീയാ, ആശിഷ്, റിജു, ആൽഫിയ, സാഹിമ, അമൃത, റാബിയ, അക്ഷയ്, അലീന, അവജിത്ത്, അസ്വാൻ,അറിതിൻ, ദേവദാസ്, സ്മിത, മുഹമ്മദ്, ബിജിത, ഗോപിക, ശില്പിത, അൻവിക, വിധാൻ, ആസിയ, ദിസിയ കൂടാതെ ഡ്രൈവർക്കും 4 അധ്യാപകർക്കും പരിക്കേറ്റിട്ടുണ്ട്. വളവിൽ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

