കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട ഹരിത ചട്ടലംഘനത്തിൽ ജില്ലയിൽ ഇതുവരെ ഈടാക്കിയത് 7.5 ലക്ഷം രൂപ പിഴ.
എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയതോടെയാണ് 265 പരിശോധനകളിലായി 93 നിയമലംഘനങ്ങൾ കണ്ടെത്തി ഇത്രയും തുക പിഴ ഈടാക്കിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ മേൽനോട്ടത്തിലാണ് എൻഫോഴ്സ്മെന്റ് സംഘം. പ്ലാസ്റ്റിക്-പി.വി.സി. ഫ്ളക്സ് എന്നിവ പൂർണ്ണമായും പ്രചാരണങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമ്മിക്കാൻ പേപ്പറോ മലിനീകരണ നിയന്ത്രണബോർഡ് സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലീൻ പോലുള്ളവ ഉപയോഗിക്കാം. പോളിഎത്തിലീൻ ഷീറ്റുകളിൽ പി.സി.ബി. അംഗീകൃത ക്യു.ആർ. കോഡ്, പി.വി.സി. ഫ്രീ റീസൈക്ലബിൾ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങൾ എന്നിവ നിർബന്ധമായും വേണം.

