പാലാ: ഏറ്റുമാനൂരിൽ നടന്ന അപകടത്തിൽ ബസ് ഇടിച്ചു ഗുരുതരമായി പരുക്കേറ്റ 60 കാരിയായ വെട്ടിമുകൾ സ്വദേശിനി അനവധി ശസ്ത്രക്രിയകൾക്കും ആഴ്ചകൾ നീണ്ട തീവ്രപരിചരണത്തിനുമൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒക്ടോബർ 4 നു നടന്ന അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെയും മുഖത്തിനും വാരിയെല്ലിനും ഇടതു തോളിനും ഇടതു കൈക്കും നിരവധി പൊട്ടലുകളോടെയും മറ്റ് അനവധി പരിക്കുകളോടെയുമാണ് രോഗിയെ മാർ സ്ലീവാ മെഡിസിറ്റി പാലായിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പരിശോധനയിൽ നെഞ്ചിനുള്ളിൽ രക്തം കെട്ടികിടക്കുന്നതായും വായു നിറഞ്ഞിരിക്കുന്നതായും നെഞ്ചിലെ സോഫ്റ്റ് ടിഷ്യുവിലും ശ്വാസകോശത്തിലും പരിക്ക് സംഭവിച്ചതായും കണ്ടെത്തി. അപകടത്തിന്റെ ആഘാതത്തിൽ രക്തസമ്മർദ്ദം മോശമായ നിലയിലായതിനാൽ രോഗിക്ക് അടിയന്തിരമായി വെന്റിലേറ്ററിന്റെ സഹായം നൽകുകയായിരുന്നു. അപകടത്തിൽ ഉണ്ടായ ഗുരുതര പരിക്കുകൾക്ക് ജനറൽ ആൻഡ് ലാപറോസ്കോപ്പിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജിബിൻ കെ. തോമസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട ശസ്ത്രക്രിയകൾ നടന്നു. മുഖത്ത് വലിയ മുറിവുകൾ ഉണ്ടായതിനാൽ ആവശ്യമായ ഭാഗങ്ങളിൽ തൊലി പുനഃസ്ഥാപിക്കുന്നതിനായി ഡിബ്രൈഡ്മെന്റും സ്കിൻ ഗ്രാഫ്റ്റിംഗും നടത്തി. പൊട്ടലുകൾ സംഭവിച്ച അസ്ഥികളെ ശരിയായ നിലയിൽ സ്ഥിരപ്പെടുത്തുന്നതിനായി സൈഗോമാറ്റിക് ആർച്ച് ഓ.ർ.ഐ.എഫ് ശസ്ത്രക്രിയയും ഡിസ്റ്റൽ റേഡിയസ് ഓ.ർ.ഐ.എഫ് ശസ്ത്രക്രിയയും നടത്തി. അപകടത്തെത്തുടർന്ന് നെഞ്ചിനുള്ളിൽ രക്തം അടിഞ്ഞുകൂടിയതോടെ രോഗാവസ്ഥ വഷളായി. തുടർന്ന് നടത്തിയ ആൻജിയോഗ്രാമിൽ ആറാം ഇന്റർകോസ്റ്റൽ ആർട്ടറിയിൽ നിന്നും രക്തസ്രാവം കണ്ടെത്തുകയും അടിയന്തരമായി എംബോലൈസേഷൻ നടത്തി രക്തസ്രാവം നിയന്ത്രിക്കുകയും ചെയ്തു. തുടർന്നും നെഞ്ചിനുള്ളിൽ രക്തം കട്ടപിടിക്കുന്നത് കൂടുകയും ശ്വാസകോശത്തിലെ മുറിവുകൾ ഗുരുതരമാവുകയും ചെയ്തതിനാൽ അടിയന്തരമായി തോറാക്കോട്ടമി നടത്തി. സർജറിയിലൂടെ നെഞ്ചിനുള്ളിലെ ക്ലോട്ടുകൾ നീക്കംചെയ്ത് രക്തസ്രാവം നിയന്ത്രിക്കുകയും ശ്വാസകോശത്തിലെ പർഫറേഷനുകൾ റിപ്പയർ ചെയ്യുകയും രണ്ട് ഐ.സി.ഡി. ട്യൂബുകൾ സ്ഥാപിക്കുകയും ചെയ്തു. തോളിലും കൈയിലും ഉണ്ടായിരുന്ന പൊട്ടലുകൾ പരിഹരിക്കാൻ ഒക്ടോബർ 25-ന് മൂന്നാം ഘട്ട ശസ്ത്രക്രിയ നടന്നു. ട്രൈസെപ്സ് ഭാഗത്തെ പരിക്കേറ്റ ടിഷ്യുകൾ നീക്കംചെയ്തതിനുശേഷം അടിഞ്ഞിരുന്ന രക്തം നീക്കംചെയ്യുകയും തുടർന്ന് ഇടത് കൈയിലെ അസ്ഥി ഹെർബർട്ട് സ്ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ രോഗിയുടെ നിലയിൽ ആശങ്കാജനകമായ മാറ്റങ്ങൾ ഉണ്ടായി. വലിയ തോതിൽ രക്തം നഷ്ടപ്പെടുന്നതും ശ്വാസകോശം ഭാഗികമായി ചുരുങ്ങുന്നതും നെഞ്ചിനുള്ളിൽ വായുവും രക്തവും വീണ്ടും കൂടുന്നതും മൂലം പല ഘട്ടങ്ങളിലും രോഗിക്ക് വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. ആഴ്ചകൾ നീണ്ട ഐസിയു പരിചരണത്തിലൂടെ ശ്വാസകോശത്തിന്റെ പ്രവർത്തനം ശരിയായ നിലയിലാകുകയും നെഞ്ചിനുള്ളിൽ അടിഞ്ഞുകൂടിയ രക്തവും വായുവും നിയന്ത്രണത്തിലാകുകയും ചെയ്തതിനാൽ ഒക്ടോബർ 20-ന് രോഗിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. തുടർന്ന് കൃത്യമായ മെഡിക്കൽ പരിചരണത്തിലൂടെയും ഫിസിയോതെറാപ്പിയിലൂടെയും കർശനമായ ഡയറ്റ് നിയന്ത്രണത്തിലൂടെയും രോഗിയെ സാധാരണ നിലയിലേക്ക് എത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നു രോഗിയെ ഡിസ്ചാർജ് ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ ആൻഡ് ലാപറോസ്കോപ്പിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജിബിൻ കെ തോമസിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി കൺസൾട്ടന്റ് ഡോ. അനീഷ് ജോസഫ്, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. മാത്യു ജെയിംസ്, ഓർത്തോപീഡിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ. സിജോ സെബാസ്റ്റ്യൻ, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കൃഷ്ണൻ സി, ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വിജയകുമാർ മാധവദാസ് മേനോൻ എന്നിവർ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി. ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ജോസ് പോൾ ലൂക്കാസ്, അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എബി ജോൺ, കൺസൾട്ടന്റുമായ ഡോ. ശിവാനി ബക്ഷി, ഡോ. ജെയിംസ് സിറിയക്, ഡോ. ബേസിൽ പോൾ മനയാലിൽ എന്നിവരും ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.
ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 60 കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജന്മം.
