ആരോഗ്യം ആനന്ദം കാമ്പയിൻ: കോട്ടയം ജില്ലാതല പ്രചാരണ ഉദ്ഘാടനം നാളെ.


കോട്ടയം: പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് കാമ്പയിനുമുന്നോടിയായുള്ള ജില്ലാതല പരിപാടി തിങ്കളാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ചലച്ചിത്ര നടൻ പ്രശാന്ത് അലക്സാണ്ടർ മുഖ്യാതിഥിയാകും. പരിപാടിയുടെ ഭാഗമായി പ്രത്യേകം ബ്രാൻഡ് ചെയ്ത കെഎസ്ആർടി സി ബസിൽ ക്രമീകരിച്ച വിളംബര ജാഥ തിങ്കൾ വൈകിട്ട് നാലിന് പട്ടിത്താനം റൗണ്ട് എബൗട്ടിൽ നിന്ന് സൈക്കിൾ റാലിയുടെ അകമ്പടിയോടെ കോട്ടയം നഗരത്തിലെത്തും. തിരുനക്കര മൈതനാത്ത് വ്യായാമ യോഗ പ്രദർശനം, സുംബ ഡാൻസ്, ആയോധനകലകൾ, മ്യൂസിക്കൽ ഇവന്റ് എന്നിവ സംഘടിപ്പിക്കും. ജനങ്ങളുടെ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിന് സമഗ്ര ബോധവത്ക്കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. കാമ്പയിന്റെ സംസ്ഥാന ഉദ്ഘാടനം ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.