സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു നിർണയ ലബോറട്ടറി ശൃംഖല (ഹബ് ആന്റ് സ്‌പോക്ക്) പദ്ധതി നടപ്പാക്കി കേരളം. സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും ലാബുകൾ ഒരു ഏകീകൃത ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ ലാബ് ശൃംഖല സജ്ജമാക്കുന്നത്. ഏകീകൃത ശൃംഖലാ സംവിധാനം വഴി ഇനി മുതൽ ഡോക്ടർ നിർദേശിക്കുന്ന ഏത് പരിശോധനകൾക്കുമുള്ള സാമ്പിളുകൾ തൊട്ടടുത്ത ആരോഗ്യകേന്ദ്രങ്ങളിലെ ലാബുകളിൽ തന്നെ നൽകാവുന്നതാണ്. അവിടെ നടത്താനാവാത്ത ഉയർന്ന തല പരിശോധനകൾ ഹബ് ലാബുകളിലേക്ക് അയക്കും. പരിശോധനാഫലങ്ങൾ രോഗിക്ക് ഇ ഹെൽത്ത് പോർട്ടൽ വഴിയാണ് ലഭ്യമാകുന്നത്. കൂടാതെ എസ്എംഎസ് ആയും, എംഇ ഹെൽത്ത് (meHealth) മൊബൈൽ ആപ്പ് വഴിയും റിസൾട്ട് ലഭ്യമാകും. സാമ്പിളുകളുടെ ട്രാൻസ്പോർട്ടിനായി ഇന്ത്യാ പോസ്റ്റിന്റെ സേവനമാണ് ഉപയോഗിക്കുന്നത്. അടിസ്ഥാന ലാബ് പരിശോധനകൾ, സങ്കീർണ ലാബ് പരിശോധനകൾ, എഎംആർ സർവയലൻസ്, മെറ്റാബോളിക്ക് സ്‌ക്രീനിങ്, ടിബി- ക്യാൻസർ സ്‌ക്രീനിങ്, ഔട്ട്‌ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പരിശോധനകൾ, സാംക്രമിക രോഗ നിർണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ ഏഴ് ഡൊമൈനുകളായി തരം തിരിച്ചാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ തന്നെ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുന്നത്. ലാബ് പരിശോധനകൾ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ തന്നെ, സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാകുന്നതോടെ യാത്രാചെലവുകളും സമയനഷ്ടവും കുറയ്ക്കാൻ സാധിക്കും. ഇത് ലക്ഷ്യമാക്കിയാണ് ആരോഗ്യ വകുപ്പ് നിർണയ എന്ന വിപുലമായ പദ്ധതി ഒരുക്കിയത്. നിർണയ ലാബ് നെറ്റുവർക്ക് വഴി 1300 സർക്കാർ ലാബുകളെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 131 തരം പരിശോധനകൾ ഇനി വീടിനടുത്ത് തന്നെ ചെയ്യാനും സാധിക്കും. നിർണയ ലാബ് നെറ്റ്വർക്ക് പദ്ധതി ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മറ്റൊരു മുന്നേറ്റമാണ്. സർക്കാർ ലാബുകളെ ഏകീകൃതമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനത്തിലൂടെ ജനങ്ങൾക്ക് വിശ്വാസ്യതയുള്ള പരിശോധനാ സേവനങ്ങൾ വീടിനടുത്ത് തന്നെ ലഭ്യമാകുന്നു. നവകേരളം കർമപദ്ധതിയിലും ആർദ്രം പദ്ധതിയിലും വിഭാവനം ചെയ്ത സമഗ്രമായ ആരോഗ്യസുരക്ഷയിലേക്ക് കേരളം ഉറച്ച ചുവടുവെക്കുന്ന പുതുമയാർന്ന മാതൃകയാണിത്.

