വൈക്കത്ത് കാർ കനാലിലേക്ക് വീണ് യുവ ഡോക്ടർ മരിച്ചു.


വൈക്കം: വൈക്കത്ത് കാർ കനാലിലേക്ക് വീണ് യുവ ഡോക്ടർ മരിച്ചു. വൈക്കം തോട്ടുവക്കത്തിന് സമീപം ആണ് കാർ കനാലിലേക്ക് മറിഞ്ഞത്. 



കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയിലെ കോസ്മെറ്റോളജി വിഭാഗം ഡോക്ടറായ ഒറ്റപ്പാലം സ്വദേശി അമൽ സൂരജ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കാർ കനാലിലേക്ക് മറിഞ്ഞത്. റോഡ് സൈഡിലുണ്ടായിരുന്ന മരക്കുറ്റികൾ തകർത്താണ് കാർ കനാലിലേക്ക് പതിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു അമൽ. ഇന്ന് പുലർച്ചെ നടക്കാൻ ഇതുവഴി പോയവരാണ് കാർ കനാലിൽ കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ നാട്ടുകാരും അഗ്നിരക്ഷാ സേനയും കൂടി അമലിനെ കാറിൽ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കാറിൽ അമൽ മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.