രാജ്യത്ത് 2 സർക്കാർ ആശുപത്രികളിൽ മാത്രമുള്ള സംവിധാനം, കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായി, കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പിക്ചർ ആർക്കൈവിങ്


കോട്ടയം: കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പിക്ചർ ആർക്കൈവിങ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം(PACS) നടപ്പിലാക്കാനൊരുങ്ങുന്നു. റേഡിയോളജി ചിത്രങ്ങൾ ഡോക്ടർമാർക്ക് അവരവരുടെ മുറിയിൽ ഇരുന്ന് പരിശോധിക്കാനും ചിത്രങ്ങൾ വർഷങ്ങളോളം സൂക്ഷിച്ച് വയ്ക്കാനും സാധിക്കും. ഇതിലൂടെ ഫിലിമിന്റെ ചിലവ് ഒഴിവാക്കാനാകും. 4 മാസത്തിനകം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിക്ചർ ആർക്കൈവിങ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുങ്ങുന്നത്. രാജ്യത്ത് 2 സർക്കാർ ആശുപത്രികളിൽ മാത്രമാണ് നിലവിൽ പാക്സ് ഉള്ളത്. കിഫ്ബി ഫണ്ടിൽ നിന്ന് 10 കോടി രൂപ മുടക്കിയാണ് നടപ്പാക്കുന്നത്.