പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ പാല നഗരസഭയിലേക്ക് മത്സരിക്കാൻ ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികൾ. 20 വർഷമായി കൗൺസിലറായ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകൾ ദിയ എന്നിവരാണ് ഇത്തവണ അങ്കത്തിനൊരുങ്ങുന്നത്. സ്വതന്ത്ര കൂട്ടായ്മ എന്ന പേരിലാണ് ഇവർ മൂന്ന് പേരും മത്സരിക്കുന്നത്. പതിമൂന്നാം വാർഡായ മുരിക്കുംപുഴയിലാണ് ബിജു മത്സരിക്കുന്നത്. ബിനു പുളിക്കകണ്ടം 14-ാം വാർഡിലും, മകൾ ദിയ പതിനഞ്ചാം വാർഡിലും മത്സരിക്കും. നേരത്തെ പതിനഞ്ചാം വാർഡിലായിരുന്നു ബിനു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലയിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഏക സ്ഥാനാർത്ഥി ബിനുവായിരുന്നു. ആകെ പോൾ ചെയ്തതിന്റെ 90 ശതമാനം വോട്ടും നേടിയായിരുന്നു ബിനുവിന്റെ വിജയം. എന്നാൽ പിന്നീട് കേരള കോൺഗ്രസ് എമ്മുമായുണ്ടായ പ്രശ്നങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കി. നഗരസഭ ചെയർമാൻ സ്ഥാനം നൽകാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച ബിനു കേരള കോൺഗ്രസുമായും നിരന്തരം ഉടക്കി. തുടർന്ന് സിപിഎം ബിനുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടാകാതെ വന്നതോടെയാണ് ബിനു സ്വതന്ത്രനായി മൽസരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് ബിജു. കന്നി മത്സരത്തിനിറങ്ങുന്ന ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പ്: പാല നഗരസഭയിലേക്ക് മത്സരിക്കാൻ ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികൾ.
