കുടിവെള്ള ലഭ്യത ഉറപ്പാക്കും, മാലിന്യ നിർമ്മാർജ്ജനത്തിന് ഒരു സ്ഥിരം പരിഹാരം കണ്ടെത്തും, കോട്ടയം നഗരസഭയിൽ പള്ളിപ്പുറത്ത് കന്നി അങ്കത്തിനൊരുങ്ങി സംവിധായക


കോട്ടയം: "വെള്ള ഖദർ കുപ്പായം ഇല്ല, ഒട്ടിച്ചു വെച്ച ചിരിയുമില്ല, ഞാൻ ഞാൻ ആയി തന്നെ കന്നി അംഗത്തിന് ഇറങ്ങുന്നു" വാക്കുകൾ കോട്ടയം സ്വദേശിയായ ചലച്ചിത്ര സംവിധായകൻ റിയാസ് മുഹമ്മതിന്റേതാണ്.  കോട്ടയം നഗരസഭയിൽ വാർഡ്‌ 4 പള്ളിപ്പുറത്ത് ആം ആദ്മി സ്ഥാനാർഥി ആയി തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുകയാണ് റിയാസ്. നാട്ടിലെ വിവിധ പ്രശ്നങ്ങൾക്ക് ഇതിനോടകം പരിഹാരം കണ്ടിട്ടുണ്ട് റിയാസ്. അഴിമതിക്കാരായ നിലവിലെ രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്നും ഈ നാടിനെ രക്ഷിക്കാനുള്ള ആദ്യ ചുവടായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ റിയാസ് ജനവിധി തേടുന്നത്. ആം ആദ്മി പാർട്ടിയുടെ ചൂൽ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. 365 ദിവസവും സഞ്ചാര യോഗ്യമായ റോഡുകൾ കാത്തു പരിപാലിക്കുമെന്നും 365 ദിവസവും കുടിവെള്ളം ലഭ്യത ഉറപ്പ് വരുത്തുമെന്നും റിയാസ് പറയുന്നു. വാർഡിലെ വെള്ളപ്പൊക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കും. പള്ളിപ്പുറത്ത് അഞ്ചുമണിക്കാറ്റ് എന്ന പേരിൽ വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കും. മാലിന്യ നിർമ്മാർജ്ജനത്തിനു ഒരു സ്ഥിരം പരിഹാരം കണ്ടെത്തുമെന്നും വഴിവിളക്കുകൾ സ്ഥിരമായി ലഭ്യമാകുമെന്ന് ഉറപ്പ് വരുത്തുമെന്നും പള്ളിപ്പുറം വാർഡിനെ ഒരു കലാഗ്രാമം ആക്കാൻ ആഗ്രഹിക്കുന്നതായും റിയാസ് പറഞ്ഞു. കലാ-സാംസ്കാരിക മേഖലകൾക്കൊപ്പം രാഷ്ട്രീയത്തിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് അമീറാ, ചോലവിസ്കി സിനിമകളുടെ സംവിധായകനായ റിയാസ്.