തലയോലപ്പറമ്പ്:തലയോലപ്പറമ്പിൽ ടോറസ് ലോറിയും സ്കൂട്ടറൂം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം.
തലയോലപ്പറമ്പ് കുറുന്തറചിറയിൽ വീട്ടിൽ ജയകുമാർ-രാജി ദമ്പതികളുടെ മകൻ സി.ജെ രാഹുൽ (24)ആണ് മരിച്ചത്. സ്‌കൂട്ടറിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് തലയോലപ്പറമ്പ് തറക്കണ്ടത്തിൽ നവീൻ (20)ന് അപകടത്തിൽ പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9 മണിക്ക് തലയോലപ്പറമ്പ് - വൈക്കം റോഡിൽ ആണ് അപകടം ഉണ്ടായത്. പ്രധാന റോഡിൽ നിന്നും പോക്കറ്റ് റോഡിലൂള്ള ഭൂതപുരം ഭാഗത്ത് താമസിക്കുന്ന രാഹുലിൻ്റെ സഹോദരി യുടെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറി പോക്കറ്റ് റോഡിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഇരുവരെയും ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാഹുലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ബുധനാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

