പമ്പ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടു നിലയ്ക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലയ്ക്കലിൽ ഹെലിക്കോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഗൂർഖാ വാഹനത്തിലാണ് ശബരിമലയിലേക്ക് പോകുന്നത്. ഒരേ പോലുള്ള ആര് വാഹനങ്ങളിൽ ഒന്നിലാകും രാഷ്ട്രപതി യാത്ര ചെയ്യുക. ഇതുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങളുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നിരുന്നു. എഡിജിപി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നത്. സംസ്ഥാന പോലീസിനൊപ്പം കേന്ദ്ര സേനയും ഇന്റലിജൻസ് സംഘങ്ങളും സുരക്ഷാ മേൽനോട്ടം വഹിക്കുന്നുണ്ട്. വിവിധ വകുപ്പുകളിലെ ഉന്നത ഉദോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. രാവിലെ 10.20ന് നിലയ്ക്കൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് റോഡ് മാർഗം പമ്പയിലേക്ക് തിരിക്കും. പമ്പാ സ്നാനത്തിനു പകരം കാൽകഴുകി ശുദ്ധി വരുത്തുന്നതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് പമ്പ ഗണപതികോവിലിൽ ഇരുമുടിക്കെട്ട് നിറച്ചശേഷം രാവിലെ 11.10ന് ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ ആറ് വാഹനങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് പുറപ്പെടും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതി 12.20ന് പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തും. ഉച്ചപൂജ കണ്ടു തൊഴുതശേഷം ദേവസ്വം ഗെസ്റ്റ്ഹൗസിൽ വിശ്രമിക്കുന്ന രാഷ്ട്രപതി മൂന്നോടെ നിലയ്ക്കലിലേക്കു മടങ്ങുകയും 4.20ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്യും. രാഷ്ട്രപതി ദർശനത്തിന് എത്തുന്ന നാളെ ആർക്കും വെർച്വൽ ക്യൂ അനുവദിച്ചിട്ടില്ല.
അയ്യനെ കാണാൻ രാഷ്ട്രപതി! നിലയ്ക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷ, രാജ്യത്തിന്റെ പ്രഥമ വനിതയെ സ്വീകരിക്കാൻ ഒരുങ്ങി സന്നിധാനം.
