കുടിശ്ശിക തീർത്തില്ല; കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു.


കോട്ടയം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്ക് വൻ തുക സർക്കാർ കുടിശ്ശിക വരുത്തിയതോടെ ആശുപത്രികൾക്ക് നൽകിയ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു. കുടിശ്ശിക തീർക്കണമെന്ന് വിതരണക്കാർ പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയാകാതെ വന്നതോടെയാണ് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുക്കാൻ ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളുകളിലെയും എറണാകുളം ജനറൽ ആശുപത്രിയിലെയും ഉപകരണങ്ങൾ തിരികെയെടുക്കാനാണ് വിതരണക്കാർ തീരുമാനിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് നൽകിയ ഉപകരണങ്ങൾ ഇന്ന് വൈകിട്ടോടെ വിതരണക്കാർ തിരിച്ചെടുക്കുകയായിരുന്നു. മറ്റു ആശുപത്രികളിലെ ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതിൽ ഇന്ന് രാത്രി വിതരണക്കാരുടെ യോഗം ചേർന്ന് തീരുമാനിക്കും. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും 18 മാസത്തെ കുടിശ്ശികയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റും ഉപകാരണങ്ങളുമാണ് വിതരണക്കാർ തിരിച്ചെടുത്തത്. 4 കോടിയോളം രൂപ വരുന്ന ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ ആണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വിതരണക്കാർ തിരികെയെടുത്തത്. 2024 ജൂലൈ ഒന്നു മുതൽ സർക്കാർ മെഡിക്കൽ കോളേജുകളിലായി 158 കോടിയിലധികം രൂപ കുടിശ്ശികയായതിനെ തുടർന്നാണ് വിതരണക്കാരുടെ ഈ നടപടി.