പാലാ: സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കോട്ടയം രാജ്യത്തിന് നല്‍കിയ സംഭാവനകൾ എടുത്തുപറഞ്ഞു. എളിമയാര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് രാഷട്രപതി വരെയായ കെ ആര്‍ നാരായണനെ കുറിച്ചും വൈക്കം സത്യാഗ്രഹത്തെ കുറിച്ചും വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും അക്ഷരനഗരിയെ കുറിച്ചും രാഷ്ട്രപത്രി പ്രസംഗത്തിൽ പറഞ്ഞു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് കോട്ടയം നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് കോളേജ് സ്ഥാപിതമായത്. 75 വർഷമായി കോളേജ് ഈ പ്രശംസനീയമായ ലക്ഷ്യം നിറവേറ്റുന്നതിൽ രാഷ്ട്രപതി സന്തോഷവും പ്രകടിപ്പിച്ചു. സെന്റ് തോമസ് കോളേജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി വൈകിട്ട് നാല് മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം പാലയില്‍ എത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോളജിലെ ഹെലിപ്പാഡില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരിച്ചു. മന്ത്രി വി.എൻ. വാസവൻ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ശേഷം ഹെലികോപ്റ്ററില്‍ കോട്ടയം പൊലീസ് ഗ്രൗണ്ടില്‍ ഇറങ്ങി റോഡ് മാര്‍ഗം കുമരകത്തേക്ക് പോയി. നാളെ രാവിലെ കുമരകത്ത് നിന്ന് റോഡ് മാര്‍ഗം പൊലീസ് ഗ്രൗണ്ടില്‍ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. കൊച്ചിയിലാണ് നാളെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃക: രാഷ്ട്രപതി ദ്രൗപതി മുര്‍മു.
