കോട്ടയം: മൂന്നാറിൽ നീലക്കുറിഞ്ഞി സമ്മാനിക്കുന്ന നീല വസന്തം പോലെ കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു.
മലരിക്കലിലെ ഏക്കറ് കണക്കിന് പാടശേഖരങ്ങളിൽ തീർന്ന കാഴ്ച്ചയുടെ വിസ്മയമാണ് അവസാനിക്കുന്നത്. സ്വദേശികളും വിദേശീയരുമായി പതിനായിരക്കണക്കിന് സഞ്ചാരികളാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാനായി എത്തിയത്. ഇപ്പോൾ കൃഷിക്കായി നിലമൊരുക്കുന്ന ഭാഗമായി നിലം ഉഴുതുമറിക്കുകയും പാടശേഖരങ്ങളിൽ മരുന്നടിക്കുകയും തുടങ്ങി. കൃഷിക്ക് ശേഷം ഇനി അടുത്ത വർഷമാകും കാഴ്ച്ചയുടെ വിസ്മയങ്ങളൊരുക്കി ആമ്പൽ വസന്തം വീണ്ടും വിരുന്നെത്തുക. നിരവധി ഫോട്ടോഷൂട്ടുകളും ആമ്പൽ വസന്തം കേന്ദ്രമാക്കി നടന്നിരുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ആരംഭിച്ച സീസണാണ് ഇപ്പോൾ അവസാനിക്കുന്നത്.

