ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം, അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ പണം അക്കൗണ്ട് ഉടമയ


കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം എന്ന് കണക്കുകൾ. 



അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ പണം അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചു നൽകുന്നതിനായി നവംബർ ഒന്നിന് ക്യാമ്പ് നടത്തുന്നു. ലീഡ് ബാങ്കിന്റെ നേതൃത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നവംബർ ഒന്നിന് കോട്ടയം ശാസ്ത്രി റോഡിലുള്ള സെന്റ്. ജോസഫ് കത്തീഡ്രല്‍ ഹാളിൽ ക്യാമ്പ് നടത്തും. നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരിലാണ് ക്യാമ്പ് നടത്തുന്നത്. പത്തു വർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ജില്ലയിൽ ഇത്തരത്തിൽ 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത് എന്നാണു വിവരം. ക്യാമ്പിൽ എത്തുന്നവർക്ക് തങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ പേരിൽ കോട്ടയം ജില്ലയിലെ ഏതെങ്കിലും ബാങ്കുകളിൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ ഉണ്ടോ എന്ന് പരിശോധിക്കാനും അങ്ങനെ ഉണ്ടെങ്കിൽ ആവശ്യമായ രേഖകളുമായി അതാത് ശാഖകളിൽ എത്തി പണം പിൻവലിക്കാവുന്നതുമാണെന്നു അധികൃതർ അറിയിച്ചു. അക്കൗണ്ടുകളിൽ ഇടപാടുകൾ ഒന്നും നടക്കാതെയോ മണ്മറഞ്ഞു പോയ പൂർവ്വികരുടെയോ ബന്ധുക്കളുടെയോ പേരിലോ ഉള്ള അക്കൗണ്ടുകളിൽ പണം അവകാശികൾക്ക് തിരികെ നൽകുക എന്ന ലക്ഷ്യത്തോടെ നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് കോട്ടയത്തും ക്യാമ്പ് നടത്തുന്നത്.