അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം: കളക്ടറേറ്റിൽ അഗ്‌നിസുരക്ഷാ മോക്ക്ഡ്രിൽ വ്യാഴാഴ്ച.


കോട്ടയം: അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണവുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടറേറ്റിൽ ഒക്ടോബർ 16 വ്യാഴാഴ്ച അഗ്‌നി സുരക്ഷാ മോക്ഡ്രിൽ നടത്തും. രാവിലെ 10.30 മുതൽ 11.30 വരെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള മോക്ഡ്രിൽ. തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര ദുരന്ത പ്രതികരണ നടപടികൾ സംബന്ധിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുകയാണ് ലക്ഷ്യം. കളക്ടറേറ്റിലെ രണ്ടാംനിലയിലെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടാകുന്നതും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളുമാണ് മോക് ഡ്രില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി. മോക് ഡ്രിൽ സമയത്ത് വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തുന്നവർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ ഫയർ ഓഫീസർ എസ്.കെ. ബിജുമോൻ, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി എന്നിവർ നടപടികൾ വിശദീകരിച്ചു.