രാഷ്ട്രപതി ചൊവ്വാഴ്ച കേരളത്തിൽ എത്തും, ശബരിമല ദർശനം ബുധനാഴ്ച, മടക്കം വെള്ളിയാഴ്ച.


കോട്ടയം: ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നു. ചൊവ്വാഴ്ച വൈകിട്ട് കേരളത്തിൽ എത്തുന്ന രാഷ്ട്രപത്രി വെള്ളിയാഴ്ച വൈകിട്ട് ഡൽഹിക്ക് മടങ്ങും. 21 നു വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി  ദ്രൗപദി മുർമു രാത്രി രാജ്ഭവനില്‍ താമസിക്കും. 22ന് രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലേക്കു പോകും. നിലയ്ക്കലില്‍നിന്നു റോഡ് മാര്‍ഗം പമ്പയില്‍ എത്തുന്ന രാഷ്ട്രപതി ഗൂർഖാ ഫോഴ്സിൽ സന്നിധാനത്തേക്ക് പോകും. 12.20നും 1 മണിക്കും ഇടയിലാണ് ദര്‍ശനം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണത്തിനു വിശ്രമത്തിനും ശേഷം നിലയ്ക്കലില്‍ എത്തി ഹെലികോപ്റ്റില്‍ തിരുവനന്തപുരത്തേക്കു മടങ്ങും. വൈകിട്ട് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. അന്ന് രാത്രി രാജ്ഭവനിൽ താമസിക്കും. വ്യാഴാഴ്ച മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചക്ക് ശിവഗിരിയിൽ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കും. ഇവിടെ നിന്നും ഹെലിക്കോപ്റ്ററിൽ പാലായിൽ എത്തി സെന്റ് തോമസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കും. കുമരകത്ത് താമസിച്ച ശേഷം പിറ്റേന്ന് കോട്ടയത്തുനിന്ന് ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തി സെന്റ് തെരേസാസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് കൊച്ചിയിൽ നിന്നും ഡൽഹിക്ക് മടങ്ങും.