കോട്ടയം: യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു ബസ്സ് ജീവനക്കാർ. ഇവരുടെ സമയോചിതമായ ഇടപെടലിൽ ഒരു ജീവനാണ് രക്ഷിക്കാനായത്. വൈക്കം-കല്ലറ-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദന ബസിലെ ജീവനക്കാരാണ് ബസിൽ കുഴഞ്ഞുവീണ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചത്. വടയാർ ഭൂതകേരിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തുറയിൽ എസ്. സനീഷിനാണ് ബസ് കണ്ടക്ടറായ മധുരവേലി വടക്കേച്ചിറയിൽ വി.ടി. വിനായകിന്റെയും ഡ്രൈവർ മാൻവെട്ടം കുഴുപ്പിൽ ലൈസൺ കെ.സൈമണിൻ്റെയും സമയോചിതമായ ഇടപെടലിൽ  ജീവന് തിരികെ കിട്ടിയത്. വ്യാഴാഴ്ച രാവിലെ ഒൻപതിന് വടയാർ പൊട്ടൻചിറയിൽനിന്ന് ബസിൽ കയറിയ ഉടൻ സനീഷിന് ശ്വാസ തടസ്സമുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപമുള്ള ക്ലിനിക്കിന് മുമ്പിൽ ബസ് നിർത്തി ബസ് ജീവനക്കാരും കടുത്തുരുത്തി പോളിടെക്നിക് കോളേജിലെ വിദ്യാർഥികളും ചേർന്ന് രോഗിയെ താങ്ങിയെടുത്ത് എത്തിച്ചെങ്കിലും ഈ സമയം ഡോക്ടറുടെ സേവനം ലഭ്യമല്ലായിരുന്നു. വീണ്ടും ബസിൽ രോഗിയുമായി ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കെത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം രാവിലെ മുതൽ ഉള്ളതിനാൽ സനീഷിന് പ്രഥമിക ചികിത്സ തൊട്ടടുത്ത് തന്നെ നൽകാൻ കഴിഞ്ഞു. തുടർന്ന് വിദഗ്ധ ചികിത്സക്കായി യുവാവിനെ വൈക്കം ആശുപത്രിയിലേക്ക് മാറ്റി. സമയോചിതമായ ഇടപെടലിൽ ഒരു ജീവൻ രക്ഷിച്ച വിനായകിനും ലൈസണും മന്ത്രി വി എൻ വാസവൻ അഭിനന്ദനങ്ങൾ അറിയിച്ചു.