കോട്ടയം: തിരുവോണ നാളിന്റെ ആഘോഷവും കുടുംബസമേതവും സുഹൃത്ത് കൂട്ടായ്മകളും ഒരുമിച്ചൊരു അവധി ദിനത്തിൽ ഒന്നിച്ചതിന്റെ ആഘോഷ നിമിഷങ്ങളായിരുന്നു ഇന്നലെ കോട്ടയത്തിന്റെ പിങ്ക് വസന്തം കൊല്ലാടും മലരിക്കലും സഞ്ചാരികൾക്ക് സമ്മാനിച്ചത്.
നോക്കെത്താ ദൂരം പടർന്നു കിടക്കുന്ന ആമ്പൽപ്പാടങ്ങളിലെ വിസ്മയ കാഴ്ചകൾ കാണാനായി രാവിലെ മുതൽ സഞ്ചാരികളുടെ തിരക്കായിരുന്നു. ആമ്പൽ പൂക്കൾ കാണാനും വള്ളത്തിൽ സഞ്ചരിച്ചു വിസ്മയ കാഴ്ചകളെ തലോടി നയനാനന്ദകരമാക്കാനും സഞ്ചാരികൾ ഇന്നലെ കൂടുതലായി എത്തിയിരുന്നു. തിരുവോണനാളിൽ സെൽഫിയിലും ഫോട്ടോഷൂട്ടിലും സൂപ്പർ ഹിറ്റായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് കോട്ടയത്തിന്റെ ആമ്പൽ വസന്തം. കോട്ടയത്തിന്റെ സ്വന്തമായ കൗതുക കാഴ്ച കാണാനായി കോട്ടയം ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും മാത്രമല്ല, കേരളത്തിന് പുറത്തു നിന്നും ഇന്ത്യയ്ക്ക് പുറത്തു നിന്നും വരെ സഞ്ചാരികൾ ഇരു പാടശേഖരങ്ങളിലേക്കും എത്തുന്നുണ്ട്. തിരുവോണ നാളിൽ രണ്ടിടത്തും സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. വിസ്മയ കാഴ്ചകൾ കാണാനും പോക്കൾക്കിടയിലൂടെ വള്ളത്തിൽ സഞ്ചരിക്കാനും ചിത്രങ്ങളെടുക്കാനുമായാണ് എല്ലാവരും എത്തുന്നത്.
ചിത്രം: സോഷ്യൽ മീഡിയ.