കോട്ടയം: കോട്ടയത്ത് സ്‌കൂൾ മൈതാനത്ത് കളിക്കുന്നതിനിടെ കാട്ടിലേക്കു വീണ പന്ത് തിരഞ്ഞെത്തിയ വിദ്യാർത്ഥികൾ കണ്ടത് തലയോട്ടിയും അസ്ഥികളും. കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പിൻവശത്തു നിന്ന് ആണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തഹസിൽദാറുടെ സാന്നിധ്യത്തിൽ പൊലീസെത്തി അസ്ഥികളും തലയോട്ടിയും മണ്ണിന്റെ സാംപിളും ശേഖരിച്ചു. പിന്നാലെ ഇൻക്വസ്റ്റ് പൂർത്തിയാക്കി അസ്ഥികൾ മെഡിക്കൽ കോളേജ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. അസ്ഥികൾ മാസങ്ങൾ പഴക്കം തോന്നുന്നവയാണ് എന്നാണു പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികൾ തലയോട്ടിയും അസ്ഥികളും കണ്ടത് തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥലം നിരീക്ഷണത്തിലാക്കുകയും ശനിയാഴ്ച രാവിലെ ഇവയെല്ലാം ശേഖരിക്കുകയുമായിരുന്നു. സ്‌കൂൾ മൈതാനത്തിനു സമീപം വലിയ കാടുകൾ വളർന്നു നിൽക്കുന്നുണ്ട്. എന്നാൽ മാസങ്ങൾ മാത്രം പഴക്കമുള്ള എന്ന് കരുതപ്പെടുന്ന ശരീര അവശിഷടങ്ങൾ ഇതുവരെയും ആരുടേയും ശ്രദ്ധയിൽപ്പെടാഞ്ഞത് സംശയമുളവാക്കുന്നതാണ്. ശരീരം അഴുകിയ മണവും ആരുടേയും ശ്രദ്ധിൽപ്പെട്ടിരുന്നില്ല. തിരക്കേറിയ റോഡും ഇപ്പോഴും യാത്രക്കാരുമുള്ള സ്ഥലത്താണ് ഇപ്പോൾ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയിരിക്കുന്നത്.
സ്‌കൂൾ മൈതാനത്ത് കളിക്കുന്നതിനിടെ പന്ത് കാട്ടിലേക്ക് വീണു, പന്ത് എടുക്കാനെത്തിയ വിദ്യാർത്ഥികൾ കണ്ടത് തലയോട്ടിയും അസ്ഥികളും,സംഭവം കോട്ടയത്ത്.
