കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശബരിമലയുടെ ചരിത്രത്തിലാദ്യം ആഗോള അയ്യപ്പ സംഗമം ശനിയാഴ്ച പമ്പയിൽ നടക്കും. അതിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ആഗോള അയ്യപ്പസംഗമത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയായി. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് സംഗമത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്‌തത്. ഇതിൽ നിന്ന് ആദ്യം രജിസ്റ്റർ ചെയ്‌ത 3000 പേരെയാണ് പ്രതിനിധികളായി തിരഞ്ഞെടുത്തത്. ഇതോടൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ചിരിക്കുന്ന സാമൂഹിക-സാംസ്‌കാരിക-സാമുദായിക സംഘടനകളിലെ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, മന്ത്രിമാർ, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖ വ്യക്തികൾ, വിദേശ പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനായി ആഗോളതലത്തിൽ ഭക്തരെ അണിനിരത്തുക, ആശയങ്ങളും വിഭവങ്ങളും സൃഷ്‌ടിക്കുക, ഏകീകൃത ആത്മീയ ശക്തി എന്ന നിലയിൽ തീർഥാടനത്തിന്‍റെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. സംഗമത്തിന് പന്പാതീരത്ത് ഒരുക്കുന്ന 38,500 ചതുരശ്രയടി വിസ്‌തീർണത്തിലുള്ള പന്തൽ നിർമാണം അവസാനഘട്ടത്തിലാണ്. പമ്പാ തീരത്ത് സംഗമത്തിനായി മൂന്ന് വേദികളാണ് ഉയരുക. ഒരു പ്രധാന വേദിയും രണ്ട് ചെറു വേദികളും ഉണ്ടാകും. ജർമ്മൻ സാങ്കേതിക വിദ്യ പ്രകാരമാണ് ആധുനിക സംവിധാനങ്ങളുള്ള വേദികൾ ഒരുങ്ങുക. പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
ശബരിമലയുടെ ചരിത്രത്തിലാദ്യം ആഗോള അയ്യപ്പ സംഗമം ശനിയാഴ്ച പമ്പയിൽ.
