സംസ്ഥാനതലത്തിൽ അംഗീകാരം നേടി കോട്ടയം ജില്ലയിലെ ഒമ്പത് പച്ചത്തുരുത്തുകൾ.


കോട്ടയം: കോട്ടയം ജില്ലയിലെ ഒമ്പത് പച്ചത്തുരുത്തുകളാണ് സംസ്ഥാനതലത്തിൽ അംഗീകാരം നേടിയത്. തദ്ദേശസ്ഥാപനം, സ്കൂൾ, കോളേജ്, മുളന്തുരുത്ത്, ഇതര സ്ഥാപനങ്ങൾ, കണ്ടൽ പച്ചത്തുരുത്ത് എന്നീ വിഭാഗങ്ങളിലാണിത്. തദ്ദേശസ്ഥാപന വിഭാഗത്തിൽ കല്ലറ ഗ്രാമപഞ്ചായത്തിലെ ഐ സി ഡി എസ് പെരുന്തുരുത്തിലെ പച്ചത്തുരുത്ത്, കടനാട് ഗ്രാമപഞ്ചായത്തിലെ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിന് സമീപം കടനാട് തോടിൻ്റെ ഇരുകരകളിലുമായി സ്ഥാപിച്ച പച്ചത്തുരുത്ത്, പള്ളം ബ്ലോക്ക് ഓഫീസ് പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച പച്ചത്തുരുത്ത് എന്നിവയാണ് ജില്ലയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി സംസ്ഥാനതലത്തിൽ അംഗീകാരം നേടിയത്. വാഴൂർ ഗ്രാമപഞ്ചായത്തിലെ ശാസ്താംകാവ്  പൊത്തൻപ്ലാക്കൽ ചെക്ക് ഡാം പരിസരത്ത് സ്ഥാപിച്ചിട്ടുള്ള പച്ചത്തുരുത്തിനും അംഗീകാരം ഉണ്ട്. സ്കൂൾ വിഭാഗത്തിൽ കുഴിമറ്റം ഗ്രാമപഞ്ചായത്തിലെ പനച്ചിക്കാട് ഗവ എൽ പി എസ്,ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തറ സെൻ്റ് ജോർജ് കോളേജും ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന അംഗീകാരത്തിന് അർഹമായി. പൊതുമേഖല മറ്റ് സ്ഥാപനങ്ങൾ വിഭാഗത്തിൽ മീനടം ഗ്രാമപഞ്ചായത്തിലെ പ്രിയദർശിനി സ്പിന്നിംഗ് മിൽ, മുളന്തുരുത്ത് വിഭാഗത്തിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കാവാലിപ്പുഴ മുളവൽക്കരണ പച്ചത്തുരുത്ത് എന്നിവയാണ് ജില്ലയിൽ നിന്ന് സംസ്ഥാന അംഗീകാരത്തിന് തെരഞ്ഞെടുത്തത്. കുമരകം ഗ്രാമ പഞ്ചായത്തിലെ റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ സ്ഥാപിച്ച  കണ്ടൽ പച്ചത്തുരുത്തിനാണ് അംഗീകാരം ലഭിച്ചത്.