കോട്ടയം: സംസ്ഥാനത്തെ 9 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 89.08 ശതമാനത്തോടെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും,

കോട്ടയം വൈക്കം താലൂക്ക് ആശുപത്രി 90.38 ശതമാനത്തോടെ എന്‍.ക്യു.എ.എസ്. അംഗീകാരവും ലക്ഷ്യ അംഗീകാരവും (ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയറ്റര്‍ 92 ശതമാനം, ലേബര്‍ റൂം 89 ശതമാനം), വയനാട് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം 94.15 ശതമാനം, കോട്ടയം പറത്തോട് കുടുംബാരോഗ്യകേന്ദ്രം 92.76 ശതമാനം, കണ്ണൂര്‍ മൊകേരി കുടുംബാരോഗ്യകേന്ദ്രം 91.21 ശതമാനം, മലപ്പുറം കൊണ്ടോട്ടി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 95.54 ശതമാനം, കോഴിക്കോട് പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം 91.31 ശതമാനം, വയനാട് പുളിഞ്ഞാല്‍ ജനകീയ ആരോഗ്യ കേന്ദ്രം 87.01 ശതമാനം, വയനാട് കോക്കടവ് ജനകീയ ആരോഗ്യ കേന്ദ്രം 88.68 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 262 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചു. 8 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 165 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 163 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 17 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ നിലവില്‍ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാതശിശുക്കള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലെ ഡെലിവറി പോയിന്റുകളില്‍ മികച്ച പരിചരണം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള ഗുണനിലവാര മാനദണ്ഡമായാണ് ലക്ഷ്യ അക്രെഡിറ്റേഷന്‍ പ്രോഗ്രാം നടപ്പിലാക്കി വരുന്നത്. ഇതുവരെ സംസ്ഥാനത്ത് ആകെ 16 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. 3 മെഡിക്കല്‍ കോളേജുകള്‍, 9 ജില്ലാ ആശുപത്രികള്‍, 4 താലൂക്കാശുപത്രികള്‍ എന്നിവയാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ള ആശുപത്രികള്‍. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍/ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.
