മുണ്ടക്കയം മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം, 5 മാസത്തിനിടെ ആനക്കലിയിൽ പൊലിഞ്ഞത് 2 ജീവനുക


മുണ്ടക്കയം: മുണ്ടക്കയം മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുട്ടിക്കാട്ട് പുരുഷോത്തമൻ(64)ആണ് മരിച്ചത്. ഇതോടെ മേഖലയിൽ 5 മാസത്തിനിടെ ആനക്കലിയിൽ പൊലിഞ്ഞത് 2 ജീവനുകളാണ്.

 

 കഴിഞ്ഞ ഏപ്രിലിലാണ് മതമ്പയിൽ റബ്ബർ തോട്ടം പുരുഷോത്തമൻ പാട്ടത്തിനു എടുത്തത്. പിതാവിനൊപ്പം മകൻ രാഹുലുമുണ്ടായിരുന്നു. ആന വരുന്നത് കണ്ട മകൻ പിതാവിനോട് ആന വരുന്നെന്നു വിളിച്ചു പറഞ്ഞെങ്കിലും കേട്ടില്ല. അടുത്തെത്തിയ ആന തുമ്പിക്കൈ കൊണ്ട് പുരുഷോത്തമനെ അടിച്ചു വീഴ്ത്തുകയായിരുന്നു.

 

 നിലവിൽ ടോട്ടത്തിൽ ടാപ്പിംഗ് ചെയ്തിരുന്ന തൊഴിലാളി അസുഖബാധിതനായി എത്താതിരുന്നതിനാലാണ് പുരുഷോത്തമനും മകനും തോട്ടത്തിൽ എത്തിയത്. ഉടനെ തന്നെ നാട്ടുകാർ ചേർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. തുടർന്ന് മന്ത്രി വി എൻ വാസവനുമായി ബന്ധപ്പെട്ടു സംസാരിക്കുകയും 10 ലക്ഷം രൂപ സാമ്പത്തിക സഹായം ഉറപ്പ് നൽകുകയും ചെയ്തു. മരണവാർത്തയറിഞ്ഞു നൂറുകണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിയത്. 5 മാസം മുൻപാണ് മുണ്ടക്കയം ചെന്നാപ്പാറയിൽ നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ(45) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.