ഈരാറ്റുപേട്ടയിലെ ദമ്പതികളുടെ ആത്മഹത്യ: ജീവനൊടുക്കാൻ കാരണം ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി, ഇരുവരുടെയും സംസ്കാരം ഇന്ന്.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി മൂലമെന്ന് വിവരം. കൂടപ്പുലം തെരുവയിൽ വിഷ്ണു എസ്.നായർ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് രശ്മി സുകുമാരൻ (35) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കെട്ടിട നിർമാണ കരാറുകാരനായ വിഷിണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ചെറുകിട കരാർ ഏറ്റെടുത്ത് നടത്തുന്ന ജോലികളായിരുന്നു വിഷ്ണുവിന്. പണം പലിശക്ക് എടുത്തിരുന്നു. ലഭിക്കുന്ന തുകയിൽ നിന്നും കഴിയുന്നത്ര തുക ഇവർക്ക് തിരികെ നൽകിയിരുന്നു.

 

 എന്നാൽ മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം ഭാര്യ രശ്മി താമസിക്കുന്ന ഹോസ്റ്റലിൽ എത്തി സംഘം ഭീഷണിപ്പെടുത്തിയതായും പറയുന്നു. യൂത്ത് കോൺഗ്രസിന്റെ രാമപുരം മുൻ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിടപ്പു മുറിയിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു. ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പൊലീസ് പറയുന്നത്. മരുന്നു കുത്തിവച്ചാണ് മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.