കോട്ടയം: തങ്ങളുടെ ഉത്തരവാദിത്വങ്ങൾ പാടെ മറന്നൊരു സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത് എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് സംസ്ഥാനത്തെ ആരോഗ്യ മേഖലയെ അവർ പൂർണ്ണമായും തകർത്തിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായത് പോലെ തീർത്തും ദാരുണമായൊരു സംഭവം നടക്കുമ്പോഴും സർക്കാരിൻ്റെ പ്രതിച്ഛായ സംരക്ഷിക്കാൻ കള്ളം പറയുന്ന മന്ത്രിമാരാണ് ഇവിടെയുള്ളത്.
നരേന്ദ്ര മോദി സർക്കാരിൻ്റെ പദ്ധതികൾ പേര് മാറ്റി നടപ്പാക്കുന്നതല്ലാതെ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 9 വർഷം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് പാർട്ടി ഇന്ന് വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലോ സബ്ജക്ട് കമ്മിറ്റിയിലോ ആരോഗ്യ മേഖല തകരുന്നതിനെപ്പറ്റി ഒരു വാക്ക് മിണ്ടിയിട്ടില്ല. ഇൻഡി അലൈൻസിലെ രണ്ടു പാർട്ടികൾ ആയതുകൊണ്ട് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിന്ദുവിന്റെ മരണം അപകടമല്ല, അതിന് കാരണം അപകടകരമായ രാഷ്ട്രീയമാണ്. ഇതിനുപിന്നിൽ സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ്.
കേരളത്തിലെ ആരോഗ്യ മേഖല ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്. എന്നാൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ പാർലമെൻ്റ് അക്കൗണ്ട്സ് കമ്മറ്റിയിലോ, ഹെൽത്ത് ആൻ്റ് വെൽഫെയർ കമ്മറ്റിയിലോ ഇക്കാര്യം ഉന്നയിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചിട്ടില്ല. ഇൻഡി മുന്നണിയിലെ സഖ്യകക്ഷികളായ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് കാരണം. ജനങ്ങളെ സേവിക്കാൻ കഴിയുന്നില്ലെങ്കിൽ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ പിണറായി വിജയൻ പറഞ്ഞത്. അത് തന്നെയാണ് ബിജെപി ഇപ്പോൾ ആവശ്യപ്പെടുന്നത്. അന്വേഷണം പൂർത്തിയാകും വരെ രണ്ട് മന്ത്രിമാരും രാജി വച്ചേ തീരൂ. സംസ്ഥാനത്തെ എല്ലാ സർക്കാർ ജില്ലാ ആശുപത്രികളുടെയും ഓഡിറ്റ് നടത്താൻ സർക്കാർ തയ്യാറാണം. അല്ലാത്ത പക്ഷം ബിജെപി-എൻഡിഎ സംഘം എല്ലാ ജില്ലാ ആശുപത്രികളുടെയും ഓഡിറ്റ് നടത്തി റിപ്പോർട്ട് പുറത്ത് വിടും എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പത്തരയ്ക്ക് അപകടമുണ്ടായിട്ടും ഉച്ചയ്ക്ക് ഒന്നേകാൽ മണി വരെ രക്ഷാപ്രവർത്തനം തുടങ്ങിയില്ല. സംഭവസ്ഥലത്ത് എത്തിയ രണ്ട് മന്ത്രിമാർ സർക്കാരിൻ്റെ പ്രതിച്ഛായ രക്ഷിക്കാൻ നടത്തിയ നാടകത്തിലൂടെ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂർ വൈകിപ്പിക്കുകയാണ് മന്ത്രിമാർ ചെയ്തത്. ആരോഗ്യ മന്ത്രിയെ ഇനി വേട്ടയാടാൻ അനുവദിക്കില്ലെന്നാണ് മന്ത്രി വി. എൻ വാസവൻ പറഞ്ഞത്. എന്നാൽ ഇതൊരു ജനാധിപത്യ രാജ്യമാണെന്നും മന്ത്രിയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചോദിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വി എൻ വാസവനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡിവൈഎഫ്ഐ ഇറങ്ങുമെന്ന് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താൻ നോക്കരുത്. ഡിവൈഎഫ്ഐയെ കണ്ട് ഭയപ്പെടുന്ന പാർട്ടിയല്ല ബിജെപി എന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അനാസ്ഥയുടെ പാരമ്യത്തിലെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ എൽഡിഎഫ് ഭരണം. സർക്കാർ അനാസ്ഥയുടെ ഇരകളാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവും നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവും തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുമെല്ലാം. ബിന്ദുവിൻ്റെ മരണം അപകടത്തിനപ്പുറം സർക്കാർ അനാസ്ഥ മൂലമാണെന്ന നിലപാടിൽ ബിജെപി ഉറച്ചുനിൽക്കുകയാണ്. കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി സർക്കാരിനോട് ആവശ്യപ്പെടുകയാണ്. കൂടാതെ മകന് സർക്കാർ ജോലിയും നൽകണം. ബിജെപി എന്നും കുടുംബത്തിനൊപ്പം ഉണ്ടാകും എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.