ബിന്ദുവിൻ്റേത് അപകട മരണമല്ല, സംസ്ഥാന സർക്കാരിൻ്റെ കുറ്റകരമായ അനാസ്ഥയാണ് ബിന്ദുവിൻ്റെ മരണത്തിന് ഇടയാക്കിയത്: രാജീവ് ചന്ദ്രശേഖർ.


കോട്ടയം: ബിന്ദുവിൻ്റേത് ഒരു അപകട മരണമല്ല, സംസ്ഥാന സർക്കാരിൻ്റെ കുറ്റകരമായ അനാസ്ഥയാണ് ബിന്ദുവിൻ്റെ മരണത്തിന് ഇടയാക്കിയത് എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

 ബിന്ദുവിന്റെ ജീവനെടുത്ത കുറ്റകരമായ അനാസ്ഥയ്ക്ക് കാരണക്കാരായ മന്ത്രിമാർ രാജി വെയ്ക്കണമെന്നും കേരളത്തിൻ്റെ ആരോഗ്യരംഗം തകർത്ത സംസ്ഥാന സർക്കാരിനെതിരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തരയ്ക്ക് അപകടമുണ്ടായിട്ടും ഉച്ചയ്ക്ക് ഒന്നേകാൽ മണി വരെ രക്ഷാപ്രവ‍ർത്തനം തുടങ്ങിയില്ല.

 

 സംഭവസ്ഥലത്ത് എത്തിയ രണ്ട് മന്ത്രിമാ‍ർ സർക്കാരിൻ്റെ പ്രതിച്ഛായ രക്ഷിക്കാൻ നടത്തിയ നാടകത്തിലൂടെ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂ‍ർ വൈകിപ്പിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ആരോ​ഗ്യ മന്ത്രിയെ ഇനി വേട്ടയാടാൻ അനുവദിക്കില്ലെന്നാണ് മന്ത്രി വി. എൻ വാസവൻ പറഞ്ഞത്. എന്നാൽ ഇതൊരു ജനാധിപത്യ രാജ്യമാണെന്നും മന്ത്രിയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചോദിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വി എൻ വാസവനോട് പറയാൻ ആ​ഗ്രഹിക്കുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിവൈഎഫ്ഐ ഇറങ്ങുമെന്ന് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താൻ നോക്കരുത്, ഡിവൈഎഫ്ഐയെ കണ്ട് ഭയപ്പെടുന്ന പാർട്ടിയല്ല ബിജെപി, ജനങ്ങളെ സേവിക്കാൻ കഴിയുന്നില്ലെങ്കിൽ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ പിണറായി വിജയൻ പറഞ്ഞത്. അത് തന്നെയാണ് ബിജെപി ഇപ്പോൾ ആവശ്യപ്പെടുന്നത്. അന്വേഷണം പൂർത്തിയാകും വരെ രണ്ട് മന്ത്രിമാരും രാജി വച്ചേ തീരൂ. സംസ്ഥാനത്തെ എല്ലാ സ‍ർക്കാർ ജില്ലാ ആശുപത്രികളുടെയും ഓഡിറ്റ് നടത്താൻ സർക്കാർ തയ്യാറാണം. അല്ലാത്ത പക്ഷം ബിജെപി-എൻഡിഎ സംഘം എല്ലാ ജില്ലാ ആശുപത്രികളുടെയും ഓഡിറ്റ് നടത്തി റിപ്പോർട്ട് പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.