കോട്ടയം: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ജില്ലയിൽ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ. കോട്ടയത്ത് കാറ്റ് വീശിയത് മണിക്കൂറിൽ 52 കിലോമീറ്റർ വേഗതയിൽ ആണ്. കുമരകത്ത് മണിക്കൂറിൽ 44 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്.
ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ശക്തമായ കാറ്റായിരുന്നു. വിവിധയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളും ബോർഡുകളും കാറ്റിൽ പറന്നു വീണു. കോട്ടയം,കറുകച്ചാൽ,പാമ്പാടി,പാലാ, ഈരാറ്റുപേട്ട,പാമ്പാടി,കാഞ്ഞിരപ്പള്ളി,മുണ്ടക്കയം, എരുമേലി,മണിമല, നെടുംകുന്നം തുടങ്ങി ജില്ലയിലെ വ്യാപക മേഖലകളിൽ കാറ്റ് നാശം വിതച്ചു.
എരുമേലി-റാന്നി റോഡിൽ കനകപ്പലം മേഖലയിൽ മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ ചോറ്റിയിൽ റോഡിൽ മരം വീണു. ശക്തമായ കാറ്റിൽ ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. വിവിധ സ്ഥലങ്ങളിൽ മരം വീണു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. വാഹനങ്ങൾക്ക് മുകളിലേക്കും മരം വീണു. കുമരകം മേഖലകളിലും ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണു. കൂരോപ്പാട, പാമ്പാടി മേഖലകളിലും ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു പാമ്പാടി-കൂരോപ്പട റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. പാലാ ചേർപ്പുങ്കലിൽ ഓട്ടോയ്ക്ക് മുകളിലേക്ക് മരം വീണു. കറുകച്ചാൽ മേഖലകളിലും വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കറുകച്ചാൽ, വൈക്കം മേഖലകളിൽ വൈദ്യുതി ശൃംഖലയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായിരിക്കുകയാണ്. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. വൈദ്യുതിബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കുവാനുള്ള ശ്രമം കെഎസ്ഇബി ആരംഭിച്ചു കഴിഞ്ഞു. തകരാർ സംഭവിച്ച ട്രാൻസ്ഫോർമറുകൾ, ലൈനുകൾ, പോസ്റ്റുകൾ എന്നിവയുടെ പരിശോധനയും, പുന:സ്ഥാപന ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. കോട്ടയം-ചങ്ങനാശേരി റോഡിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. മണിമലയിൽ വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞു വീണു. കനത്ത കാറ്റിലും മഴയിലും മരംകടപുഴകി വീണ് വൈക്കം റോഡ് റെയിൽവേസ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ തകർന്നു. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങ് ഏരിയായിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് മുകളിലേയ്ക്ക് മരം വീണത്. അഞ്ച് ബൈക്ക് പൂർണ്ണമായും രണ്ട് ബൈക്ക് ഭാഗിഗമായും തകർന്നു. റെയിൽവേ സ്റ്റേഷൻ്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് തകർന്നത്. എരുമേലിയിൽ നിർത്തിയിട്ട കാറിനു മുകളിൽ മരം വീണു ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. എരുമേലി-റാന്നി റോഡിൽ കനകപ്പലത്താണ് അപകടം ഉണ്ടായത്.