എരുമേലി: അതിശക്തമായ മഴയിലും ഒപ്പം വീശിയടിച്ച ശക്തമായ കാറ്റിലും ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപക നാശനഷ്ട്ടങ്ങൾ. അപ്രതീക്ഷിതമായെത്തിയ ശക്തമായ കാറ്റിൽ ഒടിഞ്ഞു വീണ മരത്തിന്റെ ശിഖിരങ്ങൾ കൊണ്ട് നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മേഖലയിൽ ശക്തമായ കാറ്റ് വീശിയത്. എരുമേലി-റാന്നി റോഡിൽ കനകപ്പലം മുതൽ മുക്കട വരെയുള്ള വന പാതയിൽ നിരവധി മരങ്ങളാണ് ഒടിഞ്ഞു വീണത്. കനകപ്പലത്ത് റോഡിന്റെ സൈഡിൽ പാർക്ക് ചെയ്ത കാറിനു മുകളിലേക്ക് മരം വീണു കാറിനുള്ളിൽ ഉണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. മരങ്ങൾ വീണു വൈദ്യുതി ലൈനുകൾ പൊട്ടുകയും പോസ്റ്റുകൾ ഒടിയുകയും ചെയ്തു.
ഇതോടെ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും വാഹന ഡ്രൈവർമാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണു മേഖലയിലെ നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കനകപ്പലം ജങ്ഷനിൽ വനത്തിലെ മരം വീണ് കുടുംബശ്രീയുടെ പെട്ടിക്കട തകർന്നു. കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന പുലിക്കുന്ന് സ്വദേശി ബിനുവിന് മരത്തിന്റെ ശിഖരം പതിച്ച് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി-മുണ്ടക്കയം റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് വീണു കിടന്ന മരത്തിന്റെ ചില്ലയിൽ ബൈക്ക് ഉടക്കി യുവാവിന്റെ കൈക്ക് പരിക്കേറ്റു. എരുമേലി-നേർച്ചപ്പാറ റോഡിൽ മരം വീണു. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ ചോറ്റിയിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. മുണ്ടക്കയം മേഖലയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.