കോട്ടയത്തിന്റെ ഓണം കളറാകും! 'പോക്കറ്റ് മാർട്ട്' ഓൺലൈൻ സ്റ്റോറുമായി കുടുംബശ്രീ, ഓണം പൊടിപൊടിക്കാൻ ഗിഫ്റ്റ് ഹാംപറുകളും.


കോട്ടയം: ഇത്തവണത്തെ കോട്ടയത്തിന്റെ ഓണം പൊടിപൊടിച്ചു കളറാകുമെന്നതിൽ ഒരു സംശയവും വേണ്ട. എന്താണെന്നല്ലേ, ഓണം പൊടിപൊടിക്കാൻ പുത്തൻ പരിപാടികളുമായി നമ്മുടെ കുടുംബശ്രീ എത്തിയിരിക്കുകയാണ്.

 

 ചിപ്സ്,ശർക്കര വരട്ടി, പലചരക്ക് സാധനങ്ങൾ തുടങ്ങി കുടുംബശ്രീ ഉത്പ്പന്നങ്ങൾ ഇനി ഓൺലൈനായി ഓർഡർ ചെയ്യാം. 'പോക്കറ്റ് മാർട്ട്' ഓൺലൈൻ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കുടുംബശ്രീ. സംസ്ഥാനത്തെ ഏത് ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ ഉത്പ്പന്നങ്ങളും ഇതിലൂടെ തെരഞ്ഞെടുത്ത് വാങ്ങാവുന്നതാണ്. ഓഗസ്റ്റ് ആദ്യത്തോടെ പോക്കറ്റ് മാർട്ട് പ്രവർത്തനം ആരംഭിക്കും.

 

 നിലവിൽ ഉത്പ്പന്നങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഓണം പൊടിപൊടിക്കാൻ ഗിഫ്റ്റ് ഹാംപറുകളും കുടുംബശ്രീ വിപണിയിലിറക്കിയിട്ടുണ്ട്. രണ്ടു തരാം ഗിഫ്റ്റ് ഹാംപറുകളാണ് കുടുംബശ്രീ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടമായി 5000 എണ്ണമാണ് തയ്യാറാക്കുന്നത്. പോക്കറ്റ് മാർട്ടിലൂടെ ഓൺലൈനായും സി ഡി എസ് യൂണിറ്റുകൾ വഴിയും ലഭ്യമാകും. 750 രൂപയാണ് ഹാംപറുകളുടെ വില. കുടുംബശ്രീയുടെ ചിപ്സ്,ശർക്കര വരട്ടി, കറി പൗഡറുകൾ, പായസം മിക്സ്, അച്ചാർ, വെളിച്ചെണ്ണ തുടങ്ങിയ ഉത്പ്പന്നങ്ങളാകും ഉണ്ടാകുക. കോട്ടയം ജില്ലയിൽ നിന്നുമായോ എഴുപതോളം ഉത്പ്പന്നങ്ങൾ സ്റ്റോറിലൂടെ ലഭിക്കും. തുണിത്തരങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, കേരള ചിക്കൻ എന്നിവയും വിവിധ സേവനങ്ങളും ഓൺലൈൻ സ്റ്റോർ വഴി ലഭ്യമാണ്.